20 ആഴ്ചത്തെ ശമ്പളം ബോണസ്; എമിറേറ്റ്സ് ജീവനക്കാർക്ക് ബമ്പർ സമ്മാനം
text_fieldsദുബൈ: ദുബൈ ആസ്ഥാനമായുള്ള വിമാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. 20 ആഴ്ചത്തെ (ഏതാണ്ട് അഞ്ച് മാസം) ശമ്പളമാണ് ബോണസായി ലഭിക്കുക. മേഖലയിലെ പ്രതിസന്ധികൾക്കിടയിലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് കമ്പനി വൻ തുക ബോണസ് പ്രഖ്യാപിച്ചത്.
പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന 13 ആഴ്ചത്തെ ബോണസ് കൂടാതെയാണിത്. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് ദുബൈയുടെ എമിറേറ്റ്‌സ് എയർലൈൻസ് രേഖപ്പെടുത്തിയത്. 2025-26 സാമ്പത്തിക വർഷത്തിൽ 2400 കോടി ദിർഹം ലാഭം നേടിയെടുത്താണ് ലോകത്തിലെ ഏറ്റവും ലാഭകരമായ എയർലൈൻ എന്ന സ്ഥാനം എമിറേറ്റ്സ് നിലനിർത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവാണിത്. കൂടാതെ കമ്പനിയുടെ ആകെ വരുമാനം മുൻ വർഷത്തേക്കാൾ മൂന്നു ശതമാനത്തിന്‍റെ വർധനവോടെ 1500 കോടി ദിർഹമായി ഉയർന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തില്‍ ജീവനക്കാര്‍ പ്രകടിപ്പിച്ച അസാമാന്യമായ കരുത്തിനും അര്‍പ്പണബോധത്തിനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തും നന്ദി അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും ആവേശത്തോടെയും പ്രതിബദ്ധതയോടെയും ജോലി ചെയ്ത സഹപ്രവര്‍ത്തകരോട് എന്നും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ കുറിച്ചു.
ലോകത്തിലെ ഏറ്റവും ലാഭകരമായ വിമാനക്കമ്പനിയെന്ന സ്ഥാനം എമിറേറ്റ്‌സ് ഇത്തവണയും നിലനിര്‍ത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും മാര്‍ച്ചിലുണ്ടായ അപ്രതീക്ഷിത സാഹചര്യങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച് മിക്ക സാമ്പത്തിക റെക്കോര്‍ഡുകളും തകര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. വരുമാനത്തിലും നികുതിക്ക് മുമ്പുള്ള ലാഭത്തിലും എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. പ്രതിസന്ധി ഘട്ടത്തിലും സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കാന്‍ യു.എ.ഇ നേതൃത്വം നല്‍കിയ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

