പുതുവഴികൾ തെളിച്ച് യൂത്ത് ഇന്ത്യ ‘യീൽഡ് ബിസിനസ് അവാര്‍ഡ്’
text_fieldsദമ്മാം: യൂത്ത് ഇന്ത്യ ഇനീഷ്യേറ്റിവ്, ലേണിങ് ആൻഡ് ഡെവലപ്മെൻറ് (യീൽഡ്) ദമ്മാമിൽ ‘യീൽഡ് ബിസിനസ് അവാര്‍ഡ് 2023’ പരിപാടി സംഘടിപ്പിച്ചു. മീഡിയവൺ മാനേജിങ് ഡയറക്ടര്‍ സി. ദാവൂദ് ഉദ്ഘാടനം ചെയ്തു.
സൗദി അറേബ്യയിലെ മാറിയ സാഹചര്യത്തില്‍ മലയാളികളായ മികച്ച യുവസംരംഭകരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ബിസിനസ് മേഖലയിലേക്ക് കടന്നുവരാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സൗദിയിലെ വിവിധ മേഖലകളില്‍ മികച്ച ബിസിനസ് സംരംഭകർ പങ്കെടുത്തു. ഇവരില്‍നിന്നും വ്യത്യസ്ത മേഖലകളില്‍ മികച്ചുനില്‍ക്കുന്ന ഏഴുപേർക്ക് ‘യീൽഡ് ബിസിനസ് അവാര്‍ഡ് 2023’ സമ്മാനിച്ചു.
ഇവൻറ് അംബാസഡര്‍ ഇറാം ഗ്രൂപ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നോമിനേഷന് സ്വീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു യുവജന സംഘടന ഇതുപോലൊരു വലിയ ബിസിനസ് അവാര്‍ഡ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
അവാര്‍ഡ് സമർപ്പണ ചടങ്ങില്‍ സൗദിയിലെ പുതിയ ബിസിനസ് മേഖലയില്‍ ഉണ്ടായ മാറ്റങ്ങളും ഭാവി സംബന്ധിച്ച പ്രതീക്ഷകളും വെല്ലുവിളികളും തുടങ്ങിയ വിഷയത്തില്‍ ‘ടാസ് ആൻഡ് ഹാംജിത്ത്’ ഫൗണ്ടറും മാനേജ്മെൻറ് ഉപദേശകനുമായ അഹ്സന് അബ്ദുല്ല സംസാരിച്ചു.
ശേഷം നടന്ന പാനല്‍ ചര്‍ച്ചയില്‍ ഫഹദ് അല്‍തുവൈജിരി (സി.ഇ.ഒ ആൻഡ് ഓണര്‍ ഗള്‍ഫ് ഇന്‍വെസ്റ്റ്മെൻറ് ഹോള്‍ഡിങ്), സാജിദ് പാറക്കല്‍ (സീനിയര്‍ ക്രഡിറ്റ് മാനേജര്‍, ബാങ്ക് അല്‍ജസീറ), സുഹൈല്‍ അബ്ദുല്ല (ഗ്രൂപ് വൈസ് പ്രസിഡൻറ് -സ്ട്രാറ്റജി ആൻഡ് ഇന്‍വെസ്റ്റ്മെൻറ്, ഹോട്ട് പാക്ക്) എന്നിവര്‍ പങ്കെടുത്തു.
സദസ്സില്‍നിന്നുള്ള ബിസിനസ് മേഖലയെ സംബന്ധിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പാനല്‍ അംഗങ്ങള്‍ മറുപടി നല്കി. പാനല്‍ ചര്‍ച്ചയിൽ ഓറിയോനെഡ്ജ് ഐടി സൊലൂഷന്‍സ് ആൻഡ് സർവിസസ് സി.ഇ.ഒ റഷീദ് ഉമര്‍ മോഡറേറ്ററായി.
സൗദി അറേബ്യയിലെ വ്യത്യസ്ത മേഖലകളില്‍ സംരംഭകരായിട്ടുള്ളവരും ജോലിചെയ്യുന്നവരുമായ ക്ഷണിക്കപ്പെട്ട മുന്നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിസിനസ് ടോകും പാനല്‍ ചര്‍ച്ചയും ബിസിനസ് മേഖലയില്‍ മുന്നേറാന്‍ പ്രചോദനമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
വൈവിധ്യം നിറഞ്ഞ സംരംഭകത്വ ശൈലികളിലൂടെ മികവുതെളിയിച്ച ഫാദില്‍ അഹ്മദ് പാലയാട്ട് (പാൽമേറ്റ് ടെക്നോളജീസ്), ശുറൈല് റഹ്മാന് (പെട്രോബ്ലൻറ്), കെ. അബ്ദുല്‍ നിഷാദ് (അറേബ്യന്‍ ഹൊറിസോണ്‍), സബ്ന നെച്ചിയെങ്ങല് (അറബ് ഇന്‍വെസ്റ്റേഴ്സ് ചോയ്സ്), വി. അറഫാത്ത് (അല്‍ നഹ്ദ), അബ്ദുല്‍ ഖാദിര്‍ മുജീദുദ്ദീന് (ഡിസര്‍ട്ട് സൈഡ്സ് ഇൻറര്‍നാഷനല്‍), നിസാമുദ്ദീന്‍, ബിൻസ്റ്റിന് (ഫോക്കസ്ലൈന്‍ ഷിപ്പിങ് കമ്പനി) എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്.
ലൈഫ് അച്ചീവ്മെൻറ് അവാര്‍ഡ് ഇവൻറ് അംബാസഡര്‍ കൂടിയായ ഡോ. സിദ്ദീഖ് അഹ്മദിന് (ഇറാം ഗ്രൂപ്) സമ്മാനിച്ചു. ഫഹദ് അല്‍തുവൈജിരി (സി.ഇ.ഒ ആൻഡ് ഓണര്‍ ഗള്‍ഫ് ഇന്‍വെസ്റ്റ്മെൻറ് ഹോള്‍ഡിങ്), യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സ് രക്ഷാധികാരി അന്‍വര്‍ ഷാഫി, പ്രൊവിന്‍സ് പ്രസിഡൻറ് മുഹമ്മദ് സഫ്വാന്, ജനറല്‍ സെക്രട്ടറി ബിനാന്‍ ബഷീര്‍.
ദമ്മാം ചാപ്റ്റര്‍ പ്രസിഡൻറ് ഷെമീര്‍ പത്തനാപുരം, അല്‍ഖോബാര്‍ ചാപ്റ്റര്‍ പ്രസിഡൻറ് മുഹമ്മദ് ത്വയ്യിബ്, ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡൻറ് അബ്ദുല്ല സഈദ് എന്നിവര്‍ അവാര്‍ഡുകള്‍ കൈമാറി. യീല്‍ഡ് കണ്‍വീനര്‍ റയ്യാന്‍ മൂസ അവതാരകനായിരുന്നു. പ്രൊവിന്‍സ് എക്സിക്യൂട്ടിവ് അംഗം അയ്മന് സഈദ് ഖുര്‍ആന്‍ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.