ഖിദ്ദിയയിൽ ലോകോത്തര സ്പോർട്സ് മെഡിസിൻ കേന്ദ്രം സ്ഥാപിക്കുന്നു; കിങ് ഫൈസൽ ആശുപത്രിയും ഖിദ്ദിയ കമ്പനിയും കരാറിൽ ഒപ്പുവെച്ചു
text_fieldsറിയാദ്: സൗദി അറേബ്യയുടെ കായിക-ആരോഗ്യ മേഖലകളിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് ഖിദ്ദിയയിൽ അത്യാധുനിക സ്പോർട്സ് മെഡിസിൻ കേന്ദ്രം സ്ഥാപിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക കരാറിൽ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ആൻഡ് ഗവേഷണ കേന്ദ്രവും ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനിയും ഒപ്പുവെച്ചു. കിങ് ഫൈസൽ ആശുപത്രി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആശുപത്രി സി.ഇ.ഒ ഡോ. മാജിദ് അൽഫയ്യാദും ഖിദ്ദിയ ഇൻവെസ്റ്റ്‌മെൻറ് കമ്പനിയുടെ ബോർഡ് അംഗവും മാനേജിങ് ഡയറക്ടറുമായ അബ്ദുല്ല അൽദാവൂദുമാണ് കരാറിൽ ഒപ്പിട്ടത്.സ്പോർട്സ് മെഡിസിൻ രംഗത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയാണ് ഈ സംരംഭത്തിനെർ പ്രധാന ലക്ഷ്യം. പ്രഫഷനൽ അത്‌ലറ്റുകൾ, വളർന്നുവരുന്ന കായിക പ്രതിഭകൾ, പൊതുസമൂഹത്തിലെ മറ്റ് അംഗങ്ങൾ എന്നിവർക്കായി പ്രത്യേകമായി വികസിപ്പിക്കുന്ന ഈ കേന്ദ്രം രാജ്യത്തെ കായിക ആരോഗ്യ സംരക്ഷണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും. കരാർ പ്രകാരം കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി പദ്ധതിക്ക് ആവശ്യമായ എല്ലാ സാങ്കേതികവും പ്രവർത്തനപരവുമായ പിന്തുണ നൽകും.
കേന്ദ്രത്തിനെർ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനൊപ്പം, ക്ലിനിക്കൽ കാര്യക്ഷമത ഉറപ്പാക്കാനും ശാസ്ത്രീയ ഗവേഷണങ്ങൾക്കും നവീന ചികിത്സാ രീതികൾക്കും ആശുപത്രി നേതൃത്വം നൽകും. കായിക സംബന്ധമായ പരിക്കുകൾ തടയുന്നതിനുള്ള മുൻകരുതലുകൾ, കൃത്യമായ രോഗനിർണയം, പുനരധിവാസം എന്നിവയുൾപ്പെടെയുള്ള സമഗ്രമായ ചികിത്സാ സൗകര്യങ്ങൾ ഖിദ്ദിയ സ്പോർട്സ് മെഡിസിൻ കേന്ദ്രത്തിൽ ലഭ്യമാകും. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഈ പദ്ധതി, രാജ്യത്തെ കായിക വികസന പരിപാടികൾക്ക് വലിയ ഊർജമാകും. ആരോഗ്യ-കായിക മേഖലകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സഹകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

