രണ്ട് ഭൂഖണ്ഡങ്ങളുടെ പോരാട്ടത്തിൽ ആര് ജയിക്കും?
text_fieldsജൂലൈ 19ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ സ്‌പെയിനും അർജൻറീനയും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ഫുട്ബാൾ ലോകം ആവേശത്തിലാണ്. നിലവിലെ യൂറോപ്യൻ, ദക്ഷിണ അമേരിക്കൻ ചാമ്പ്യന്മാർ ഒരു ലോകകപ്പ് നോക്കൗട്ടിൽ മുഖാമുഖം വരുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഇംഗ്ലണ്ടുമായുള്ള 1982ലെ ഫോക്ക്‌ലാൻഡ്‌സ് യുദ്ധവും 1986ൽ മറഡോണയുടെ ‘ദൈവത്തിെൻറ കൈ’ ഗോളും ചേർത്തുവെക്കുന്ന ശത്രുത പോലുള്ള ഒരു യുദ്ധപശ്ചാത്തലം സ്‌പെയിനും അർജൻറീനയും തമ്മിലില്ല.
പകരം, മൂന്ന് നൂറ്റാണ്ടോളം നീണ്ട സ്പാനിഷ് കൊളോണിയൽ ഭൂതകാലം, കുടിയേറ്റം, പങ്കിടുന്ന ഭാഷ, കത്തോലിക്ക മതം എന്നിവയാൽ ബന്ധിപ്പിക്കപ്പെട്ട ഒരു പഴയ കുടുംബബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്. 2012ൽ അർജൻറീന സർക്കാർ സ്പാനിഷ് എണ്ണ കമ്പനിയായ വൈ.പി.എഫ് ദേശസാത്കരിച്ചത് നയതന്ത്ര പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും അതൊരു കോടതിയുദ്ധം മാത്രമായിരുന്നു. ഇരുരാജ്യങ്ങളുടെയും ദേശീയ കായിക പാരമ്പര്യങ്ങളിൽ സാംസ്കാരിക വൈരുദ്ധ്യങ്ങളുണ്ട്. സ്‌പെയിനിെൻറ അടയാളം ധീരതയുടെ പ്രതീകമായ ‘കാളപ്പോര്’ ആണെങ്കിൽ, അർജൻറീനയുടേത് പമ്പാസിലെ ഗൗച്ചോകൾ കുതിരപ്പുറത്ത് കളിച്ചിരുന്ന, പരുക്കനായ കായിക ഇനമായ ‘പാറ്റോ’ (താറാവ് കളി) ആണ്. 1953ൽ പാറ്റോ അർജൻറീനയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിക്കപ്പെട്ടു.
ഈ ഫൈനലിലെ ഏറ്റവും ആകർഷകമായ ഘടകം വ്യക്തിപരമായ കഥകളാണ്. ബാഴ്‌സലോണയിൽ വളർന്ന് തെൻറ അവസാന ലോകകപ്പ് കളിക്കുന്ന ഇതിഹാസം ലയണൽ മെസ്സി നേരിടുന്നത്, ബാഴ്‌സലോണയിൽ തെൻറ റെക്കോർഡുകൾ തകർക്കുന്ന പിൻഗാമിയായ ലാമിൻ യമാലിനെയാണ്. ഈ ഞായറാഴ്ച നടക്കുന്ന മത്സരം വലിയൊരു തലമുറമാറ്റ നിമിഷമാണ്. മെസ്സിയും ഡി മരിയയും ഉൾപ്പെടെ നിരവധി അർജൻറീനിയൻ താരങ്ങൾക്ക് ലാ ലിഗയുമായി വലിയ ബന്ധമുള്ളതിനാൽ ഇരുടീമിലെയും കളിക്കാർ പരസ്പരം നന്നായി അറിയുന്നവരാണ്.
ചരിത്രപരമായി ഇരുടീമുകളും 14 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് വീതം ജയവും രണ്ട് സമനിലയുമായി തുല്യത പാലിക്കുന്നു. 1966-ലെ ലോകകപ്പിൽ ലൂയിസ് ആർട്ടിമെയുടെ ഇരട്ട ഗോളിൽ അർജൻറീന (2-1) ജയിച്ചിരുന്നു. അന്ന് ഇന്നത്തെ പരിശീലകരായ സ്കലോനി ജനിച്ചിട്ടില്ല, ലൂയിസ് ഡി ലാ ഫ്യുവെൻറയ്ക്ക് അഞ്ച് വയസ്സായിരുന്നു പ്രായം. സമീപകാലത്ത്, 2010ൽ മെസ്സി, ഇഗ്വൈൻ, ടെവസ്, അഗ്യൂറോ എന്നിവരുടെ കരുത്തിൽ അർജൻറീന 4-1ന് ജയിച്ചപ്പോൾ, 2018-ൽ ഇസ്‌കോയുടെ ഹാട്രിക്കിലൂടെ സ്‌പെയിൻ 6-1ന് അർജൻറീനയെ തകർത്തു.
ഇത്തവണ അർജൻറീനയുടെ ഫൈനൽ പ്രവേശം അൾജീരിയ, ഓസ്ട്രിയ, ജോർഡൻ, കേപ്പ് വെർഡെ, ഈജിപ്ത്, സ്വിറ്റ്‌സർലൻഡ് എന്നിവർക്കെതിരെയുള്ള കഠിനമായ മത്സരങ്ങളിലൂടെയായിരുന്നു. സെമിയിൽ ലൗട്ടാരോ മാർട്ടിനെസിെൻറ അവസാന നിമിഷത്തെ ഹെഡ്ഡറിലാണ് അവർ ഇംഗ്ലണ്ടിനെ (2-1) തോൽപ്പിച്ചത്. ടൂർണമെന്റിൽ മെസ്സി ഇതിനകം എട്ട് ഗോളുകൾ നേടിക്കഴിഞ്ഞു. മറുവശത്ത്, ഏഴ് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങി, എംബാപ്പെയുടെ ഫ്രാൻസിനെ 2-0ന് തോൽപ്പിച്ച് എത്തുന്ന സ്‌പെയിൻ ടൂർണമെൻറിലെ ഏറ്റവും ശക്തമായ പ്രതിരോധമുള്ള ടീമാണ്.
മികച്ച ഫോമും പ്രതിരോധവും സ്‌പെയിന് മുൻതൂക്കം നൽകുമ്പോൾ, മെസ്സിയുടെ കീഴിൽ അവസാന നിമിഷം വരെ പോരാടുന്ന അർജൻറീനയുടെ മാനസിക കരുത്ത് ഒട്ടും ചെറുതല്ല. ഫലമറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

