ഹൃദ്രോഗമുള്ളവർ നോമ്പ് അനുഷ്ഠിക്കുമ്പോൾ
text_fieldsകൊറോണറി ആർട്ടറി ഡിസീസ്, ഹൃദയാഘാതം (Myocardial Infarction / Heart Attack), ഹൃദയമിടിപ്പ് താളം തെറ്റുന്ന അവസ്ഥ (Arrhythmia), ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ അവസ്ഥ (Heart Failure), ഹൃദയ വാൽവുകൾ ശരിയായി പ്രവർത്തിക്കാത്ത അവസ്ഥ (Valvular heart disease), ഹൃദയപേശികൾ ദുർബലമാകുന്ന രോഗം (Cardiomyopathy) എന്നിങ്ങനെ വിവിധതരം ഹൃദയ രോഗങ്ങൾ മനുഷ്യനെ ബാധിക്കുന്നു. നെഞ്ചുവേദന, ശ്വാസംമുട്ടൽ, തളർച്ച, തലചുറ്റ്, ഹൃദയമിടിപ്പിൽ വ്യതിയാനം എന്നിവയാണ് പ്രധാന ഹൃദ്രോഗ ലക്ഷണങ്ങൾ. ശരിയായ ആഹാരക്രമം, പതിവായ വ്യായാമം, മാനസിക പിരിമുറുക്കം നിയന്ത്രിക്കൽ, രക്തസമ്മർദ നിയന്ത്രണം, പുകവലി തുടങ്ങി ദുശീലങ്ങൾ ഒഴിവാക്കൽ എന്നിവയാണ് പ്രധാന നിയന്ത്രണ മാർഗങ്ങൾ. നീണ്ട നോമ്പ് സമയം മുഖേനയുണ്ടാകുന്ന നിർജലീകരണം, മരുന്നുകളുടെ സമയക്രമത്തിലുള്ള മാറ്റങ്ങൾ എന്നിവ നോമ്പെടുക്കുന്ന ഹൃദ്രോഗികളിൽ അപകടകരമാകാം. ആയതിനാൽ, ഹൃദയരോഗം ഉള്ളവർ നോമ്പ് നോൽക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശങ്ങൾ തേടേണ്ടതാണ്.
ഡോ. അബ്ദുൽ അസീസ് സുബൈർ കുഞ്ഞു, കിങ് അബ്ദുൽഅസീസ് മെഡിക്കൽ സിറ്റി നാഷനൽ ഗാർഡ്, റിയാദ്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. നോമ്പ് നോക്കുന്നതിന് മുന്നോടിയായി ഹൃദ്രോഗവിദഗ്ധരുമായി ആലോചിക്കുക
2. ചില ഹൃദയ മരുന്നുകൾ കൃത്യമായ സമയക്രമം പാലിക്കേണ്ടതുണ്ട്. ഡോക്ടറുടെ നിർദേശമനുസരിച്ച് മരുന്നുകളുടെ അളവും കഴിക്കേണ്ട സമയവും ക്രമീകരിക്കുക.
3. ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക. നോമ്പു കഴിഞ്ഞാൽ ആവശ്യമായത്ര വെള്ളം കുടിക്കുക.
4. സഹൂർ (അത്താഴം), ഇഫ്താർ സമയങ്ങളിൽ അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുള്ള ഭക്ഷണം ഒഴിവാക്കുക. സന്തുലിതാഹാരം ശീലമാക്കുക
5. നെഞ്ചുവേദന, ഹൃദയമിടിപ്പ് വ്യതിയാനം, തളർച്ച, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ നോമ്പ് നിർത്തി ഉടൻതന്നെ ഡോക്ടറെ ബന്ധപ്പെടുക
6. ഗുരുതര ഹൃദ്രോഗമുള്ളവർ മതപരമായ ഇളവ് ഉപയോഗിക്കണം. (ശാരീരിക അസുഖങ്ങൾ മൂലം നോമ്പ് നോൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ദരിദ്രർക്ക് ഭക്ഷണം നൽകുകയോ മറ്റു ദിവസങ്ങളിൽ ഇതിന് പകരം നോമ്പാനുഷ്ഠിക്കുകയോ ചെയ്യാമെന്ന് സൂറത്തുൽ ബഖറയിലെ 2:184/ 2:185 എന്നീ സൂക്തങ്ങളിൽ ഖുർആൻ അനുശാസിക്കുന്നു)
അനിയന്ത്രിത രക്തസമ്മർദമുള്ളവർ, സമീപകാലത്ത് ഹൃദയാഘാതം അനുഭവപ്പെട്ടവർ, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർ, ഹൃദയമിടിപ്പിൽ ഗുരുതരമായ താളപ്പിഴയുള്ളവർ, ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ ഹാർട്ട്ഫെയ് ലർ ഉള്ളവർ എന്നിവർ നോമ്പെടുക്കാൻ പാടില്ല. സമീപകാലത്ത് (മൂന്നു മാസം മുതൽ ആറുമാസത്തിനകം) ഹൃദയാഘാതം ഉണ്ടായതോ, ഹൃദയ ശസ്ത്രക്രിയ നടത്തിയതോ ഹൃദയത്തിലെ കൊറോണറി രക്തക്കുഴലിലെ / രക്തക്കുഴലുകളിലെ ബ്ലോക്കേജ് മാറ്റാൻ കോറണറി സ്റ്റെൻഡിങ് പൂർത്തിയാക്കിയതോ ആയ വ്യക്തികൾ റമദാൻ നോമ്പ് അനുഷ്ഠിക്കാമോയെന്നത് രോഗിയുടെ ആരോഗ്യനിലയെയും ചികിത്സാനിലയെയും ആശ്രയിച്ചിരിക്കുന്നു. മേൽപറഞ്ഞവരിൽ, ശരീരം ഒരു പുനരുജ്ജീവന ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ നീണ്ട സമയത്തേക്ക് ആഹാരവും വെള്ളവും ഒഴിവാക്കുന്നത് അപകടകരമായേക്കാം. അതിനാൽ നോമ്പ് നോൽക്കുന്നതിന് മുമ്പ് ഡോക്ടറുടെ പരിശോധനയും നിർദേശവും തേടൽ അനിവാര്യമാണ്.
റമദാൻ വ്രതാനുഷ്ടാനം ലഘുവോ മിതമോ ആയ അതിരക്തസമ്മർദം കുറക്കാനും രക്ത കൊളസ്ട്രോൾ നില കുറക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
നോമ്പുകാലത്തെ ഭക്ഷണ നിയന്ത്രണം ശരീരഭാരം കുറക്കാനും ഹൃദ്രോഗമുൾപ്പെടെ വിവിധ അസുഖങ്ങൾക്ക് ശമനമേകാനും സഹായിക്കുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.