മക്കയിൽ ഇന്ത്യൻ ഹാജിമാർക്ക് ഊഷ്മള സ്വീകരണം; ആദ്യസംഘം മദീനയിൽ നിന്നും മക്കയിലെത്തി
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീർത്ഥാടകർക്ക് മക്കയിൽ ആവേശോജ്ജ്വലമായ സ്വീകരണം. എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി എത്തിയ ആദ്യസംഘത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാെൻറ നേതൃത്വത്തിൽ സ്വീകരിച്ചു.
ജിദ്ദ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ, ഹജ്ജ് സർവീസ് കമ്പനി പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇക്കഴിഞ്ഞ 18-ാം തീയതി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മദീനയിലെത്തിയ ഹാജിമാരാണ് അവിടുത്തെ സന്ദർശനം പൂർത്തിയാക്കി ഇന്ന് മക്കയിലെത്തിയത്.
തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി ഇത്തവണ ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കേവലം രണ്ടര മണിക്കൂർ കൊണ്ട് മദീനയിൽ നിന്നും മക്കയിലെത്താൻ കഴിയുന്ന അതിവേഗ ട്രെയിൻ സംവിധാനം ഹാജിമാർക്ക് വലിയ ആശ്വാസമായി.
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ 61,000 ഇന്ത്യൻ തീർത്ഥാടകർക്കാണ് ട്രെയിൻ വഴി യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച സൗദി സമയം ഉച്ചയ്ക്ക് രണ്ടോടെയാണ് തീർത്ഥാടകരുടെ ആദ്യസംഘം മക്കയിലെത്തിയത്. മുംബൈ, കൊൽക്കത്ത, ഗുവാഹത്തി, ഡൽഹി, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള 3,000-ഓളം തീർത്ഥാടകരാണ് ഇന്ന് പുണ്യനഗരിയിൽ എത്തിയത്.
ഇഹ്‌റാം വസ്ത്രം ധരിച്ചെത്തിയ ഹാജിമാരെ റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രത്യേക ബസ്സുകളിലാണ് താമസസ്ഥലങ്ങളിലേക്ക് എത്തിച്ചത്. മക്കയിലെ അസീസിയയിലുള്ള കെട്ടിടങ്ങളിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. താമസസ്ഥലത്തെ വിശ്രമത്തിന് ശേഷം തീർത്ഥാടകർ ഉംറ നിർവഹിക്കുന്നതിനായി മസ്ജിദുൽ ഹറാമിലേക്ക് തിരിക്കും.
ഹാജിമാരെ സഹായിക്കുന്നതിനായി ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളുടെ വളൻറിയർമാരും സജീവമായി രംഗത്തുണ്ട്. ഹാജിമാർക്ക് ഹറമിലേക്ക് പോകുന്നതിനായി ഹജ്ജ് മിഷെൻറ സൗജന്യ ബസ് സർവീസുകളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ തീർത്ഥാടകർ മദീനയിൽ നിന്നും മക്കയിലേക്ക് എത്തും.
അതേസമയം, ജിദ്ദ വഴിയുള്ള തീർത്ഥാടകരുടെ വരവ് ഈ മാസം 30-ന് ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ഹാജിമാരും അന്നേദിവസം തന്നെ സൗദിയിലെത്തും. കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം വ്യാഴാഴ്ച വൈകിട്ടാണ് പുറപ്പെടുന്നത്. ഹജ്ജ് കർമങ്ങൾക്ക് ശേഷം ജിദ്ദ വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്കയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

