നാല് പതിറ്റാണ്ടിെൻറ സേവനമുദ്ര; ജുബൈലിനോട് വിടപറഞ്ഞ് ഉസ്മാൻ ഒട്ടുമ്മൽ
text_fieldsജുബൈൽ: ഒരു ആധുനിക വ്യവസായ നഗരമെന്ന നിലയിലേക്കുള്ള ജുബൈലിെൻറ വളർച്ചയുടെ ഓരോ ഘട്ടത്തിനും സാക്ഷ്യം വഹിച്ച്, നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി ഉസ്മാൻ ഒട്ടുമ്മൽ നാട്ടിലേക്ക് മടങ്ങുന്നു. ജുബൈലിലെ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, മലയാളി സമൂഹത്തിന് നൽകിയ സേവനങ്ങളുടെ സംതൃപ്തിയുമായാണ് മടക്കയാത്രക്കൊരുങ്ങുന്നത്. 1987-െൻറ തുടക്കത്തിൽ, 21ാം വയസ്സിൽ സൗദിയിലെ ദഹ്റാൻ വിമാനത്താവളത്തിലിറങ്ങിയ ഉസ്മാൻ, പിന്നീട് ജുബൈലിെൻറ ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന അക്കാലത്ത്, യമനികളും പാകിസ്താനികളുമായിരുന്നു വ്യാപാരമേഖല കൈകാര്യം ചെയ്തിരുന്നത്.
ചുരുക്കം ചില കെട്ടിടങ്ങൾ മാത്രമുണ്ടായിരുന്ന ജബൽ സ്ട്രീറ്റും, പരമ്പരാഗത മത്സ്യബന്ധനം ഉപജീവനമാക്കിയ സ്വദേശികളും മാത്രമായിരുന്നു അന്നത്തെ കാഴ്ച. ഹദീദ്, സാബിക് തുടങ്ങിയ വമ്പൻ കമ്പനികൾ ശൈശവാവസ്ഥയിലായിരുന്ന കാലം മുതൽ, അത്യാധുനിക സൗകര്യങ്ങളുള്ള അന്താരാഷ്ട്ര തുറമുഖ നഗരമായി ജുബൈൽ മാറുന്നത് അദ്ദേഹം നേരിൽ കണ്ടു. മത്സ്യത്തൊഴിലാളി വിസയിൽ മുബാറക് ഫഹദിന് കീഴിലായിരുന്നു പ്രവാസത്തിെൻറ തുടക്കം. 1989-ലെ ഇറാഖ് യുദ്ധത്തിന് തൊട്ടുമുമ്പ് സുഹൃത്തുക്കളുമായി ചേർന്ന് ‘ജിദ്ദ റസ്റ്റാറൻറ്’ ആരംഭിച്ചു. പിന്നീട് സൂപ്പർമാർക്കറ്റ്, ട്രാൻസ്പോർട്ടേഷൻ രംഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച അദ്ദേഹം, സ്വദേശികളുമായി ഹൃദയബന്ധം സ്ഥാപിക്കുന്നതിൽ വിജയിച്ചു. തെൻറ നിലവിലെ സ്പോൺസർ മൻസൂർ അൽ സുബൈഇ തന്നെ ഒരു സഹോദരനെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
1988-ൽ രൂപവത്കൃതമായ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ ആദ്യ വൈസ് പ്രസിഡൻറായിരുന്ന അദ്ദേഹം ഹസ്സൻ സഖാഫ് തങ്ങൾ, സീതി മാസ്റ്റർ, അബ്ദുൽ റഹീം സുല്ലമി എന്നിവർക്കൊപ്പം പ്രവർത്തിച്ചു. 1996ൽ ജുബൈൽ കെ.എം.സി.സി രൂപവത്കരിച്ചപ്പോൾ ട്രഷററായും പിന്നീട് വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിലും മികവ് തെളിയിച്ചു. കിഴക്കൻ പ്രവിശ്യാ വൈസ് പ്രസിഡൻറായും 25 വർഷത്തോളം സോഷ്യൽ വെൽഫെയർ വിങ് കൺവീനറായും പ്രവർത്തിച്ച അദ്ദേഹം നിലവിൽ കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗമാണ്. കൂടാതെ നാട്ടിൽ പരപ്പനങ്ങാടി മുനിസിപ്പൽ കെ.എം.സി.സി ട്രഷറർ, മുസ്ലിം ലീഗ് 15ാം ഡിവിഷൻ വൈസ് പ്രസിഡൻറ് എന്നീ ചുമതലകളും വഹിക്കുന്നു. ജുബൈൽ വെൽഫെയർ അസോസിയേഷെൻറ (ജുവ) രൂപവത്കരണത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഒരു അപകടമരണവുമായി ബന്ധപ്പെട്ട് ജയിലിലായ മലയാളി യുവാവിനെ മോചിപ്പിക്കാൻ നടത്തിയ കൂട്ടായ പരിശ്രമമാണ് ‘ജുവ’ എന്ന സംഘടനക്ക് വഴിമാറിയത്.
കോവിഡ് കാലത്ത് കർഫ്യൂ നിയന്ത്രണങ്ങൾക്കിടയിലും സർക്കാർ പാസുമായി മൃതദേഹങ്ങൾ മറവുചെയ്യാനും രോഗികളെ സഹായിക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പ്രമുഖ വ്യവസായി രവി പിള്ളയുമായി ചേർന്ന് തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടതും നേവൽ ബേസ് ആശുപത്രിയിലെ രോഗികൾക്കായി ഫണ്ട് സമാഹരിച്ചതും അദ്ദേഹത്തിെൻറ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. പരേതരായ കസ്മികുട്ടിയുടെയും ആയിഷുമ്മയുടെയും മകനാണ്. ഭാര്യ ഖദീജയും മക്കളായ ഡോ. ഹഫീഫ, അംജദ് (റിയാദ്), അൻഫാർ ഉസ്മാൻ (ജുബൈൽ), അഫാ ആയിഷ എന്നിവരും മരുമക്കളും നൽകുന്ന പൂർണ പിന്തുണയാണ് തെൻറ കരുത്തെന്ന് അദ്ദേഹം പറയുന്നു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയാലും പൊതുസേവന രംഗത്ത് സജീവമായി തുടരാനാണ് ഉസ്മാൻ ഒട്ടുമ്മൽ ആഗ്രഹിക്കുന്നത്. നാട്ടിലെ ഫോൺ നമ്പർ: 6235124066.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

