ഉംറ തീർഥാടകർക്ക് മാർഗനിർദേശവുമായി ഇരുഹറം കാര്യാലയം; സംശയനിവാരണത്തിന് 81 പണ്ഡിതന്മാരും 19 കേന്ദ്രങ്ങളും
text_fieldsമക്ക: ഉംറ സീസണിെൻറ ഭാഗമായി മക്കയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും മതപരമായ സംശയങ്ങൾക്ക് കൃത്യമായ മറുപടിയും മാർഗനിർദേശങ്ങളും നൽകുന്നതിനായി വിപുലമായ സംവിധാനങ്ങളൊരുക്കി ഇരുഹറം പരിപാലന പ്രസിഡൻസി. ഇതിനായി മസ്ജിദുൽ ഹറാമിൽ 81 പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരെ നിയോഗിക്കുകയും 19 പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. തീർഥാടകരുടെ സംശയങ്ങൾക്ക് കൃത്യവും വിശ്വസനീയവുമായ മറുപടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡൻസി നടപ്പാക്കുന്ന ‘ചോദ്യകർത്താക്കൾക്ക് ഉത്തരം’ എന്ന ജനപ്രിയ സേവനത്തിെൻറ ഭാഗമായാണ് ഈ ക്രമീകരണം. തീർഥാടകർക്ക് ഉംറ കർമങ്ങളും അനുബന്ധ ആചാരങ്ങളും പൂർണമായ മനസ്സമാധാനത്തോടും ശരിയായ രീതിയിലും നിർവഹിക്കാൻ ഈ സംവിധാനം ഏറെ സഹായകരമാകും.
നേരിട്ടുള്ള മാർഗനിർദേശങ്ങൾക്ക് പുറമെ, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിവിധ ആശയവിനിമയ ചാനലുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. ടോൾ ഫ്രീ ടെലിഫോൺ സൗകര്യം, ക്ലൗഡ് അധിഷ്ഠിത കമ്യൂണിക്കേഷൻ നെറ്റ്‌വർക്ക് എന്നിവ വഴി ലോകത്തിെൻറ ഏത് കോണിൽ നിന്നും തീർഥാടകർക്ക് ശരീയത്ത് വിധികളെക്കുറിച്ചുള്ള സംശയങ്ങൾ എളുപ്പത്തിൽ ദുരീകരിക്കാവുന്നതാണ്. മതപരമായ സംശയങ്ങൾക്ക് മറുപടി ആവശ്യമുള്ളവർക്ക് ക്ലൗഡ് അധിഷ്ഠിത ആശയവിനിമയ നമ്പറായ 8001222100 ലേക്കോ, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 8001222400 ലേക്കോ വിളിച്ച് ബന്ധപ്പെടാവുന്നതാണെന്ന് ഇരുഹറം പരിപാലന പ്രസിഡൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

