യാഥാർഥ്യങ്ങളെ ദൃശ്യവത്കരിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നത് -ജിേൻറാ തോമസ്
text_fieldsജിേൻറാ തോമസ്
ദമ്മാം: കഠിനമായ ജീവിതാനുഭവങ്ങളെയും സാമൂഹിക യാഥാർഥ്യങ്ങളെയും വെള്ളിത്തിരയിൽ എത്തിക്കാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് യുവ ചലച്ചിത്ര സംവിധായകൻ ജിേൻറാ തോമസ്. കോഴിക്കോട് പേരാമ്പ്രയിലെ ചക്കിട്ടപാറ എന്ന മലയോര ഗ്രാമത്തിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു കയറിയ അദ്ദേഹം, സൗദി അറേബ്യയിലെ അൽ അഹ്സയിലുള്ള വസതിയിലിരുന്ന് ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. നാടക രചനയിലൂടെയും അധ്യാപനത്തിലൂടെയും കലാരംഗത്ത് സജീവമായ ജിേൻറാ തോമസ്, വർഷങ്ങൾ നീണ്ട സിനിമ അനുഭവങ്ങൾക്കൊടുവിലാണ് ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ യുവ സംവിധായക നിരയിലേക്ക് ഉയർന്നുവന്നത്.
ജാതി രാഷ്ട്രീയവും നിറത്തിെൻറ പേരിലുള്ള വിവേചനങ്ങളും തുറന്നുകാട്ടുന്ന അദ്ദേഹത്തിെൻറ പുതിയ ചിത്രമായ ‘ഇരുനിറം’ ഇതിനോടകം തന്നെ നിരൂപക പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. ജാതിവിവേചനത്തിനെതിരെയുള്ള ശക്തമായ താക്കീതാകുന്ന ഈ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെയുള്ള വലിയ അംഗീകാരങ്ങളുമെത്തി. നാടക ഗുരു സിബി നെല്ലിക്കനിൽനിന്ന് ലഭിച്ച പാഠങ്ങളാണ് ജിേൻറായുടെ സിനിമ മോഹങ്ങൾക്ക് അടിത്തറ പാകിയത്. പ്ലസ് ടു പഠനത്തിന് ശേഷം പ്രശസ്ത സംവിധായകൻ സിബി മലയിലിെൻറ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം സിനിമയുടെ സാങ്കേതിക വശങ്ങൾ ആഴത്തിൽ പഠിച്ചു. തിരക്കഥ, എഡിറ്റിങ്, ശബ്ദലേഖനം തുടങ്ങി സിനിമയുടെ എല്ലാ തലങ്ങളും സ്വായത്തമാക്കിയ ശേഷം അരുൺ നാഥിന് കീഴിൽ പരസ്യചിത്രങ്ങളിലും ഡോക്യുമെൻററികളിലും അസിസ്റ്റൻറായി പ്രവർത്തിച്ചു.
പിന്നീട് പ്രമുഖ സംവിധായകൻ ലിയോ തദേവൂസിനൊപ്പം അസി. ഡയറക്ടറായി പ്രവർത്തിച്ച അനുഭവമാണ് ജിേൻറായുടെ കരിയറിലെ വഴിത്തിരിവായത്. സംവിധായകൻ ഡോ. സഖിൽ രവീന്ദ്രെൻറ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ജിേൻറാ തോമസ് തിരക്കഥയൊരുക്കിയ ‘കാടകലം’ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഒരു ആദിവാസി ബാലെൻറ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിെൻറ രചനയ്ക്കായി നിരവധി ആദിവാസി ഊരുകളിൽ അദ്ദേഹം സഞ്ചരിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘കാടകലം’ ആമസോൺ പ്രൈം യു.എസ്.എ, യു.കെ പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തത്. ജിേൻറാ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘ഇരുനിറം’, ഫാദർ ജോജോ മണിമല ഒരു പെൺകുട്ടിയുടെ സ്കൂൾ ജീവിതത്തെക്കുറിച്ച് പങ്കുവെച്ച യഥാർത്ഥ അനുഭവ കഥയിൽ നിന്ന് വികസിപ്പിച്ചെടുത്തതാണ്. വിഷ്ണു കെ. മോഹെൻറ തിരക്കഥയിൽ മാലോള പ്രൊഡക്ഷൻസിെൻറ ബാനറിൽ സിജി മാലോള നിർമിച്ച ഈ ചിത്രം സമൂഹത്തിലെ പൊള്ളുന്ന യാഥാർഥ്യങ്ങളെയാണ് ചർച്ച ചെയ്യുന്നത്.
സിനിമയുടെ നിർമാണ പ്രക്രിയയിൽ സാമ്പത്തിക അച്ചടക്കത്തിന് മുൻതൂക്കം നൽകുന്ന സംവിധായകനാണ് താനെന്ന് ജിേൻറാ വ്യക്തമാക്കുന്നു. ബജറ്റ് പരിമിതികൾക്കിടയിലും ക്രിയേറ്റിവിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച കലാസൃഷ്ടി ഒരുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കഥ കേട്ട് ഒരു നിർമാതാവ് തന്നിൽ അർപ്പിക്കുന്ന വിശ്വാസമാണ് ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമെന്ന് അദ്ദേഹം കരുതുന്നു. മികച്ച അക്കാദമിക് അംഗീകാരങ്ങൾ നേടുന്ന ചെറിയ സിനിമകൾക്കും തിയറ്ററുകളിൽ പ്രദർശന സൗകര്യം ലഭിക്കണമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വലിയ അവസരങ്ങളാണ് തുറന്നു നൽകുന്നത്. പത്മരാജൻ, ഭരതൻ തുടങ്ങിയ മഹാരഥന്മാരെയും ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരെയും കൊറിയൻ സംവിധായകനായ കിം കി ഡുക്കിനെയും ഏറെ ഇഷ്ടപ്പെടുന്ന ജിേൻറാ തോമസ്, മനുഷ്യപക്ഷത്തുനിന്ന് സംസാരിക്കുന്ന റിയലിസ്റ്റിക് സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തെൻറ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അൽ അഹ്സയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യ ജീതുവും അദ്ദേഹത്തിെൻറ കലാജീവിതത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

