പശ്ചിമേഷ്യൻ അശാന്തിയുടെ വേരുകൾ തേടുമ്പോൾ
text_fieldsപശ്ചിമേഷ്യൻ മണ്ണിൽ വീണ്ടും യുദ്ധമേഘങ്ങൾ കനക്കുകയാണ്. പാകിസ്താെൻറ നേതൃത്വത്തിൽ നടന്ന ഒന്നാംഘട്ട മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ, ലോകം പ്രത്യാശിച്ച സമാധാനത്തിെൻറ വാതിലുകൾ താൽക്കാലികമായെങ്കിലും അടയുകയാണ്. ഇറാനും ഇസ്രായേലും നേർക്കുനേർ നിൽക്കുന്ന ഈ ഘട്ടത്തിൽ, കേവലമായ സമാധാന ചർച്ചകൾ കൊണ്ട് പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമോ എന്ന ചോദ്യം പ്രസക്തമാണ്. രോഗകാരണം ചികിത്സിക്കാതെ ലക്ഷണങ്ങളെ മാത്രം ചർച്ച ചെയ്യുന്ന ഉപരിപ്ലവമായ ഇടപെടലുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഹുർമുസ് കടലിടുക്കിലെ ഗതാഗത തടസ്സത്തെക്കുറിച്ചും ആഗോള ഊർജ്ജ വിതരണത്തെക്കുറിച്ചുമുള്ള ആകുലതകളാണ് പലപ്പോഴും ചർച്ചകളുടെ കേന്ദ്രബിന്ദു. എന്നാൽ, സമാധാനകാലത്തും ഈ കടലിടുക്ക് അവിടെത്തന്നെയുണ്ടായിരുന്നുവെന്നും അന്ന് സുഗമമായി പ്രവർത്തിച്ചിരുന്നുവെന്നും നാം ഓർക്കണം. അതുകൊണ്ടുതന്നെ, നിലവിലെ വെടിനിർത്തൽ ചർച്ചകൾ പലപ്പോഴും ഒരു തമാശയായി മാത്രമേ കാണാൻ കഴിയൂ. ഇറാൻ ലോകസമാധാനത്തിന് ഭീഷണിയാണെന്ന അമേരിക്കൻ വാദങ്ങളിലെ വൈരുദ്ധ്യം പകൽ പോലെ വ്യക്തമാണ്. അമേരിക്കയുടെ സഖ്യകക്ഷികളായി തുടരുന്ന പല രാജ്യങ്ങളിലും ഇറാനെതിരെയുള്ള അതേ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു. നയതന്ത്ര ചർച്ചകൾക്ക് എത്തുന്ന ഭരണാധികാരികളെ വഞ്ചനാപരമായി ഇല്ലാതാക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി ഇതര രാജ്യങ്ങളിലെ ജനപ്രതിനിധികളെ ലക്ഷ്യം വെക്കുന്നതും ആധുനിക ലോകത്തിന് അംഗീകരിക്കാനാവില്ല. വെനസ്വേലൻ പ്രസിഡൻറിനെതിരായ നീക്കങ്ങൾ മുതൽ പശ്ചിമേഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങൾ വരെ നീളുന്ന അമേരിക്കൻ ഇടപെടലുകൾ ഇതിന് തെളിവാണ്.
അമേരിക്കൻ കടന്നുകയറ്റങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന തിരിച്ചടികൾ പലപ്പോഴും ഗൾഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ഇത് സമാധാനപ്രിയരായ അറബ് രാജ്യങ്ങൾക്കിടയിൽ സ്വാഭാവികമായും അസ്വസ്ഥതയുണ്ടാക്കുന്നു. പലസ്തീൻ ജനതയോടൊപ്പം നിൽക്കുന്ന അറബ് രാഷ്ട്രങ്ങളുടെ എണ്ണവിഭവങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ദൗർഭാഗ്യകരമാണ്. പലസ്തീൻ ജനത ലോകജനസംഖ്യയിൽ ഒരു ചെറിയ ഭാഗമായിരിക്കാം. എന്നാൽ അവരുടെ കണ്ണീരൊപ്പാതെ ലോകത്തിന് സമാധാനത്തോടെ മുന്നോട്ടുപോകാനാവില്ലെന്ന് ഈ യുദ്ധം തെളിയിക്കുന്നു. ലോകത്തിനാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്ന ഈ മണ്ണിലെ ഓരോ ചലനവും ആഗോള സാമ്പത്തിക വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അധിനിവേശത്തിെൻറ കയ്പ്പുള്ള യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ നിസ്സഹായരായിപ്പോകുന്ന ഒരു ജനതയുടെ സ്വയംനിർണായാവകാശത്തെ അംഗീകരിക്കാതെ ഇവിടെ മറ്റൊരു ചർച്ചയ്ക്കും പ്രസക്തിയില്ല. പലസ്തീനികൾക്ക് അവരുടെ മണ്ണിൽ പരമാധികാരമുള്ള ഒരു രാഷ്ട്രം ഉറപ്പാക്കുന്ന രാഷ്ട്രീയ പരിഹാരത്തിന് മേൽ ലോകരാഷ്ട്രങ്ങളുടെ ശക്തമായ സമ്മർദ്ദം ഉണ്ടാകേണ്ടതുണ്ട്. നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ പ്രതിഷേധങ്ങൾക്കിടയിൽ ലോകം ഇനിയും വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നിലവിലെ സാഹചര്യം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

