ഇറാനും സൗദിയും തമ്മിൽ തന്ത്രപരമായ സൗഹൃദത്തിലേക്ക് - ഇറാന് അംബാസഡര്‍
text_fieldsസൗദിയിലെ ഇറാനിയന്‍ അംബാസഡര്‍ അലി രിദാ ഇനായതി അഭിമുഖത്തിൽ
ജിദ്ദ: ഇറാനും സൗദി അറേബ്യയും തമ്മില്‍ തന്ത്രപരമായ സൗഹൃദത്തിലേക്ക് കടക്കുന്നുവെന്നും പ്രാദേശിക സുരക്ഷ വികസിച്ചുവരികയാണെന്നും സൗദിയിലെ ഇറാനിയന്‍ അംബാസഡര്‍ അലി രിദാ ഇനായതി പറഞ്ഞു.
ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (IRNA) ക്ക് നല്കിയ അഭിമുഖത്തിലാണ് അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭൗമരാഷ്ട്രീയ കേന്ദ്രീകൃത സുരക്ഷയില്‍ നിന്ന് മാറി വികസന കേന്ദ്രീകൃത സുരക്ഷയിലേക്ക് മാറുകയാണെന്ന് സൗദി ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചതായി അദ്ദേഹം ചുണ്ടിക്കാട്ടി. മേഖലയിലെ സുരക്ഷയുടെ അടിത്തറ പരിവര്‍ത്തനത്തിന് വിധേയമാകുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍, രാഷ്ട്രീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍, പ്രത്യേകിച്ച് ഫലസ്തീനുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ കൂടിയാലോചനകള്‍ നടത്തി. മുന്‍കാല സ്തംഭനാവസ്ഥക്കപ്പുറത്തേക്ക് ഇരു രാജ്യങ്ങളും നീങ്ങിയിട്ടുണ്ടെന്ന് അംബാസഡര്‍ എടുത്തുപറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി ഫലസ്തീന് അവകാശ സംരക്ഷണത്തിനായി വിളിച്ചു കൂട്ടുന്ന മീറ്റീംങ്ങുകള് ഈ ശ്രമത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഉന്നതതല സന്ദര്‍ശനങ്ങള്‍ ബന്ധങ്ങളെ കൂടുതല്‍ ഉറപ്പിച്ചു. അന്തരിച്ച ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി, മുന്‍ വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുള്ള ഹിയാന, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിച്ച് ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്ര ആശങ്കകള്‍ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ നടത്തി.
സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിന്‍ സല്മാന് ഇസ്ലാമിക വിപ്ലവം നേതാവിനെ കാണുകയും ഇറാന്റെ സായുധസേന നേതൃത്വവുമായി പതിവായി ബന്ധം പുലര്‍ത്തുകയും ചെയ്തതോടെ പ്രതിരോധ സഹകരണവും പുരോഗമിച്ചു.
സാമ്പത്തിക, വ്യാപാര ബന്ധങ്ങളിലും വികസനത്തിലും മന്ദഗതിയുണ്ടെങ്കിലും പുരോഗതി കാണുന്നു. ഇറാനും സൗദി അറേബ്യയും നിക്ഷേപം, നികുതി, ഗതാഗതം എന്നിവയില്‍ പ്രാഥമിക കരാറുകളില്‍ ഒപ്പുവെച്ചു, വ്യാപാര പ്രതിനിധികള്‍ സജീവമായ ഇടപെടല്‍ ആരംഭിച്ചു. സൗദി അറേബ്യയിലെ ഇറാനിയന്‍ വിദ്യാർഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വിനിമയങ്ങളും വര്‍ധിച്ചുവരികയാണെന്ന് അംബാസഡര്‍ ഇനായതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

