നാഷനൽ മ്യുസിയത്തിൽ ത്രിദിന സാംസ്കാരിക പരിപാടികൾ
text_fieldsറിയാദ് നാഷനൽ മ്യൂസിയം
റിയാദ്: അറബ് ഭാഷ ദിനാചരണത്തിെൻറ ഭാഗമായി ബത്ഹക്ക് സമീപമുള്ള സൗദി നാഷനൽ മ്യൂസിയത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവിധ സാംസകാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു. ഡിസംബർ 18 മുതൽ 20 വരെ നീളുന്ന ത്രിദിന സാംസ്കാരിക ആഘോഷത്തിൽ ഭാഷ, പൈതൃകം, കലകൾ, എന്നിവ സമന്വയിപ്പിച്ച പ്രത്യേക പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കുക.
അറബിയുടെ മനുഷ്യപരവും സാംസ്കാരികവുമായ അംശങ്ങളെ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും നടക്കും. ‘സൗദി നാടോടി ഗാനങ്ങളിലെ ഭാഷാസൗന്ദര്യം’ എന്ന വിഷയത്തിൽ നടക്കുന്ന സെഷൻ വ്യത്യസ്തവും ആകർഷകവുമായിരിക്കും. പരമ്പരാഗത ഗാനങ്ങളും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിൽ ഭാഷയ്ക്കുള്ള പങ്കിനെ വിവിധ സെഷനുകൾ ആഴത്തിൽ പരിശോധിക്കും.
ഡിസംബർ 20-ന് അറബി ഭാഷാ വിഷയത്തിൽ സംഘടിപ്പിക്കുന്ന ശിൽപശാലകൾ, ചർച്ചകൾ, അറബ് കലാവിരുന്ന് എന്നീ പരിപാടികളോടെയാകും ഭാഷ ദിനാചരണം സമാപിക്കുക. കലയും ഭാഷയും പൈതൃകവും സമന്വയിച്ചുള്ള അപൂർവമായ സാംസ്കാരിക അനുഭവം സമ്മാനിക്കുന്നതായിരിക്കും പരിപാടികൾ.
1973 ഡിസംബർ 18-നാണ് അറബ് ഭാഷ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ആറാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ലോകമാകെ 50 കോടി മനുഷ്യരുടെ മാതൃഭാഷയാണ് അറബി. ആശയവിനിമയത്തിനായി ഇതിലുമേറെ ആളുകൾ ഈ ഭാഷയെ ഉപയോഗിക്കുന്നു. അറബ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിെൻറ സർഗാത്മക രേഖകൾ കുറിച്ച ഭാഷ ജീവനോളം പ്രിയപ്പെട്ടതാണ് അറബികൾക്ക്. അറബ് കവിതകളും കവികളും ലോകത്ത് ശക്തവും തീവ്രവുമായ ആശയങ്ങളെ പ്രചരിപ്പിച്ചവരാണ്.
അതെസമയം മറ്റ് പല ഭാഷകളും നേരിടുന്ന വെല്ലുവിളികൾ അറബ് ഭാഷയും നേരിടുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ വ്യാപനം പെരുകിയതോടെ സംസാരഭാഷയിൽനിന്ന് അറബ് ഭാഷ പിൻവലിയുന്നുണ്ടോ എന്ന ആശങ്ക പങ്ക് വെക്കുന്നവരുമുണ്ട്. അറബ് കവിതകളുടെ ഉറവിടമായിരുന്ന ബദൂവിയൻ വാമൊഴികളിൽ നിലക്കുന്ന അവസ്ഥയുണ്ട്. പുതുതലമുറയിലും ആബാലവൃദ്ധം അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ടതും ആകർഷണ സ്വഭാവമുള്ളതുമായ ആശയവിനിയമയ മാർഗം ഇന്നും അറബ് കവിതകളാണ്. പ്രമുഖ ആഗോള കമ്പനികൾ പോലും ഇപ്പോഴും അറബ് രാജ്യങ്ങളുടെ പ്രധാന നഗരങ്ങളിൽ പോലും ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും മേന്മ പറയാനും ഉപയോഗിക്കുന്നത് അറബ് ഭാഷയിലെ മനോഹര കാപ്‌ഷനുകളും കവിതാ ശകലങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

