ജനവിധിയുടെ സന്ദേശവും പുതിയ സർക്കാറിെൻറ ദൗത്യവും
text_fieldsഫിറോസ്
കൊയിലാണ്ടി
ജിദ്ദ
കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ഈ ജനവിധി കേവലം ഒരു ഭരണമാറ്റമല്ല, മറിച്ച് ഈ നാടിെൻറ ആത്മാവ് കാത്തുസൂക്ഷിക്കാനുള്ള ബോധപൂർവ്വമായ ഇടപെടലായി മാറുകയാണ്. വർഗീയ ധ്രുവീകരണത്തിനും വിഭാഗീയ ചിന്തകൾക്കുമെതിരെ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ഉയർത്തിയ ജാഗ്രത ജനാധിപത്യത്തിെൻറ വലിയ വിജയമാണ് അടയാളപ്പെടുത്തുന്നത്. വർഗീയ ശക്തികളുമായി സന്ധി ചെയ്യുന്ന രാഷ്ട്രീയ താല്പര്യങ്ങളെക്കാൾ വലുതാണ് ഈ നാടിെൻറ സാഹോദര്യമെന്ന് ജനങ്ങൾ അടിവരയിട്ടു പറഞ്ഞിരിക്കുന്നു.
ഇടതുപക്ഷം അതിെൻറ യഥാർത്ഥ രാഷ്ട്രീയമായ വർഗ്ഗസമരവും പുരോഗമന ചിന്താഗതിയുമാണ് ഉയർത്തിപ്പിടിക്കേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം, വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി വിഭജനത്തിെൻറ പ്രത്യയശാസ്ത്രങ്ങളെ പിന്തുടർന്നത് വലിയൊരു രാഷ്ട്രീയ അപചയമായിരുന്നു. നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് വാചാലരാവുകയും പ്രായോഗിക രാഷ്ട്രീയത്തിൽ വർഗീയതയെ കൂട്ടുപിടിക്കുകയും ചെയ്ത ഇരട്ടത്താപ്പിനുള്ള മറുപടിയാണ് ഈ ജനവിധി. കേരളത്തിെൻറ സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണിയായ വ്യക്തികളെയും വർഗീയ നിലപാടുകളെയും ചേർത്തുനിർത്താൻ കഴിഞ്ഞ സർക്കാർ കാണിച്ച താല്പര്യം ചരിത്രപരമായ ഒരു അപരാധമായാണ് വോട്ടർമാർ വിലയിരുത്തിയത്.
വർഗീയതയുമായുള്ള ഇത്തരം കൊടുക്കൽവാങ്ങലുകൾ കേരളത്തിെൻറ മതേതര മനസ്സിനേൽപ്പിച്ച മുറിവുകൾ ചെറുതല്ല. പുതിയ ഭരണകൂടം ഈ പാഠങ്ങൾ ഉൾക്കൊണ്ട് സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് അപ്പുറം കേരളീയ പൊതുസമൂഹത്തിെൻറ നന്മക്ക് മുൻഗണന നൽകേണ്ടതുണ്ട്. പുതിയ സർക്കാറിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി നിയമപാലന സംവിധാനത്തെ ശുദ്ധീകരിക്കുക എന്നതാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥർ സേനയിൽ തുടരുന്നുവെന്ന് ഒരു ജനപ്രതിനിധി തന്നെ സഭയിൽ സാക്ഷ്യപ്പെടുത്തിയ സാഹചര്യം നാം കണ്ടതാണ്. അത്തരക്കാരെ സംരക്ഷിക്കുന്ന മുൻ സർക്കാരിെൻറ നയം തിരുത്തുക എന്നത് അനിവാര്യമാണ്. പൊലീസ് സംവിധാനം രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യങ്ങൾക്കല്ല, മറിച്ച് നീതിക്കും നിയമത്തിനും വിധേയമായിരിക്കണം. സേനയിലെ ക്രിമിനലുകളെ പുറന്തള്ളാൻ കഴിയാത്ത പക്ഷം പഴയ അബദ്ധങ്ങൾ ആവർത്തിക്കപ്പെടുകയും ജനവിശ്വാസം തകരുകയും ചെയ്യും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ തഴച്ചുവളർന്ന വംശീയ വിദ്വേഷ വ്യവസായം അതീവ ഗൗരവകരമാണ്. ചില ഓൺലൈൻ ചാനലുകളും വ്യക്തികളും മതം മാറ്റത്തെയും വംശീയതയെയും ആയുധമാക്കി സമൂഹത്തിൽ വിഷം ചീറ്റുന്നത് നാം കണ്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ മറവിൽ സാമൂഹിക ഐക്യത്തെ തകർക്കാനുള്ള ബോധപൂർവ നീക്കമാണിത്. നാടിെൻറ സ്വസ്ഥത തകർക്കുന്ന ഇത്തരം വിദ്വേഷ പ്രചാരകരെ നിയമപരമായി നിയന്ത്രിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം. എങ്കിൽ മാത്രമേ കേരളത്തിെൻറ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ കഴിയൂ.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി ഓരോ പൗരനും അനുഭവവേദ്യമാകുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാകണം. സാമ്പത്തികമായ ശ്വാസംമുട്ടിക്കലുകളോ അനാവശ്യ ഭീതികളോ ഇല്ലാത്ത ഒരു രാഷ്ട്രീയ സാഹചര്യം പുനഃസ്ഥാപിക്കപ്പെടണം. ക്രിസ്ത്യൻ-മുസ്ലിം സൗഹൃദവും ഹൈന്ദവ പാരമ്പര്യത്തിലെ സഹിഷ്ണുതയും ഒത്തുചേരുന്ന ആ വിശാലമായ ‘ബദൽ കേരളം’ യാഥാർഥ്യമാക്കുക എന്നതാണ് പുതിയ സർക്കാറിെൻറ പ്രഥമ ദൗത്യം. ഈ മതേതര ആത്മാവിനെ തിരിച്ചുപിടിക്കാൻ പുതിയ ഭരണാധികാരികൾക്ക് ജാഗ്രതയോടെയുള്ള ചുവടുവെപ്പുകൾ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

