കിരീടാവകാശി രക്തദാനം നടത്തി; 2026ലെ ദേശീയ രക്തദാന കാമ്പയിന് തുടക്കം
text_fieldsറിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രക്തദാനം നടത്തി 2026ലെ ദേശീയ രക്തദാന കാമ്പയിൻ ആരംഭിച്ചു. സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനുഷിക പ്രവർത്തനങ്ങളോടുള്ള തന്റെ നിരന്തരമായ താൽപ്പര്യം പ്രകടമാക്കുന്നതിനുമുള്ള ജീവകാരുണ്യപരമായ മഹത്തായ ചുവടുവെപ്പിന്റെ ഭാഗമായാണ് വാർഷിക ദേശീയ രക്തദാന കാമ്പെയ്ന് കിരീടാവകാശി തുടക്കം കുറിച്ചത്. ദാനത്തിന്റെയും സന്നദ്ധസേവനത്തിന്റെയും സംസ്കാരം വേരൂന്നുന്നതിനും ജീവൻ രക്ഷിക്കാൻ സമൂഹത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ ഉദ്യമങ്ങൾക്ക് നൽകിവരുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗം കൂടിയാണിത്. അതോടൊപ്പം കിരീടാവകാശിയുടെ രക്തദാനം മാതൃകാപരമായ ദേശീയ, മാനുഷിക സന്ദേശമാണ് നൽകുന്നത്.
സൗദി സമൂഹത്തിന്റെ അടിസ്ഥാനശിലയായ പരസ്പര സഹായത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. ജീവൻ രക്ഷിക്കാനും രോഗികളെ സഹായിക്കാനും ഉപകരിക്കുന്ന ഒരു ഉദാത്തമായ മാനുഷിക കർമ്മം എന്ന നിലയിൽ രക്തദാനത്തിന് മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. സമൂഹത്തിൽ സന്നദ്ധസേവനത്തിന്റെയും ഔദാര്യത്തിന്റെയും സംസ്കാരത്തെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തുടർച്ചയായി സ്വമേധയാ രക്തദാനം നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, സാമൂഹിക ഉത്തരവാദിത്വബോധം ഊട്ടിയുറപ്പിക്കുക, രക്തത്തിന്റെയും അതിന്റെ ഘടകങ്ങളുടെയും കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നിവയാണ് കാമ്പയ്ൻ ലക്ഷ്യമിടുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾ, അർബുദ രോഗികൾ, രക്തസംബന്ധമായ അസുഖങ്ങളുള്ളവർ, ഗുരുതരാവസ്ഥയിലുള്ളവർ എന്നിവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാനുഷിക പ്രവർത്തനങ്ങളിലൊന്നാണ് രക്തദാനം.
സ്വമേധയാ രക്തദാന സംസ്കാരം ശക്തിപ്പെടുത്തുന്നതിൽ സൗദി ശ്രദ്ധേയമായ പുരോഗതി തുടർന്നുകൊണ്ടിരിക്കുന്നു. 2025-ൽ രക്തദാതാക്കളുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞതായാണ് റിപ്പോർട്ട്. സന്നദ്ധ രക്തദാന നിരക്ക് ഉയർത്തുന്നതിനും ദേശീയ രക്തശേഖരത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. 2025ൽ കിരീടാവകാശി ആരംഭിച്ച വാർഷിക ദേശീയ രക്തദാന കാമ്പയ്ൻ ആരോഗ്യപരവും സാമൂഹികവുമായ തലങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. രക്തദാതാക്കളുടെ എണ്ണം നാലിരട്ടിയായി വർധിപ്പിക്കാൻ ഇത് സഹായിച്ചു. സൗദിയിലെ ബ്ലഡ് ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രക്തദാതാക്കളുടെ എണ്ണം രേഖപ്പെടുത്താൻ ഇതിലൂടെ സാധിച്ചു (65,000ത്തിലധികം ദാതാക്കൾ). നൂറ് ശതമാനം രക്തദാനസന്നദ്ധതാ നിരക്കും 85 ശതമാനത്തിലധികം പുതിയ ദാതാക്കളും ഇതിന്റെ പ്രത്യേകതയാണ്. ഈ മുന്നേറ്റം രോഗികളുടെ ആവശ്യങ്ങളെ നേരിട്ട് സഹായിച്ചു. 63,000ത്തിലധികം ആളുകൾക്ക് രക്ത യൂണിറ്റുകളും, 10,000 പേർക്ക് പ്ലേറ്റ്ലെറ്റുകളും, 10,000 പേർക്ക് പ്ലാസ്മയും ലഭിച്ചു. ഇത് ബ്ലഡ് ബാങ്കുകളുടെ സജ്ജീകരണ നിലവാരം ഉയർത്തുകയും സന്നദ്ധ രക്തദാനത്തെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ശീലമാക്കി മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

