ഇടിക്കൂട്ടിലെ ‘ദി കംബാക്ക്’ പോരാട്ടം ഇന്ന്
text_fields‘ദി കംബാക്ക്’ ബോക്സിങ് പോരാട്ടത്തിന് മുന്നോടിയായി ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആൻറണി ജോഷ്വ, ക്രിസ്റ്റ്യൻ പ്രെൻഗ ഉൾപ്പടെയുള്ള ലോക താരങ്ങൾ
ജിദ്ദ: ആഗോള കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ‘ദി കംബാക്ക്’ 13ാം പതിപ്പ് ബോക്സിങ് പോരാട്ടങ്ങൾക്ക് മുന്നോടിയായി ലോകോത്തര താരങ്ങൾ തങ്ങളുടെ പൂർണ സന്നദ്ധത പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകുന്നേരം ‘ജിദ്ദ സൂപ്പർ ഡോമിൽ’ നടക്കുന്ന വാശിയേറിയ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് തൊട്ടുമുമ്പ്, ‘ജിദ്ദ പ്രൊമനേഡിൽ’ സംഘടിപ്പിച്ച ഔദ്യോഗിക വാർത്താസമ്മേളനത്തിലാണ് പ്രമുഖ താരങ്ങൾ നിലപാട് വ്യക്തമാക്കിയത്. വലിയ മാധ്യമശ്രദ്ധയാണ് ചടങ്ങിൽ അനുഭവപ്പെട്ടത്.
നേരിടുന്നത് എതിരാളിയെയല്ല, ഒരു ടീമിനെ മുഴുവനാണെന്ന് മുൻ ഹെവിവെയ്റ്റ് ലോക ചാമ്പ്യൻ ആൻറണി ജോഷ്വ പറഞ്ഞു. എതിരാളിയായ അൽബേനിയൻ താരം ക്രിസ്റ്റ്യൻ പ്രെൻഗയെ നേരിടാൻ താൻ പൂർണ സന്നദ്ധനാണ്. കേവലം എതിരാളിയെ മാത്രമല്ല, മറിച്ച് എതിർ ക്യാമ്പിലെ മുഴുവൻ ഘടകങ്ങളെയും അതിജീവിച്ചാൽ മാത്രമേ വിജയം സാധ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞാൻ പൂർണ ഏകാഗ്രതയിലാണെന്നും ഇത് എതിരാളിയുമായി മാത്രം ബന്ധപ്പെട്ട പോരാട്ടമല്ല, മറിച്ച് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തെൻറ പ്രഫഷനൽ കരിയറിലെ വൻ തിരിച്ചുവരവിനും ഭാവിയിലെ വലിയ വെല്ലുവിളികൾക്കും ഈ പോരാട്ടത്തിലെ വിജയം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിരീടം കാക്കാൻ ഹംസ ഷീറാസ്
ഡബ്ല്യു.ബി.ഒ സൂപ്പർ മിഡിൽവെയ്റ്റ് ലോക ചാമ്പ്യൻഷിപ്പ് നേടിയത് തെൻറ മനസ്സിനെയോ ശൈലിയെയോ ബാധിച്ചിട്ടില്ലെന്ന് ലോക ചാമ്പ്യൻ ഹംസ ഷീറാസ് വ്യക്തമാക്കി. മത്സരങ്ങൾ തമ്മിലുള്ള കുറഞ്ഞ ഇടവേള തെൻറ ഫോമും ഏകാഗ്രതയും നിലനിർത്താൻ സഹായിച്ചു.
മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന തെറ്റ് മേലിൽ ആവർത്തിക്കില്ലെന്നും കിരീടം സംരക്ഷിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലകൻ ആൻഡി ലീയുടെ നേതൃത്വത്തിലുള്ള ശക്തമായ സംഘമാണ് റിങ്ങിന് അകത്തും പുറത്തും തനിക്ക് വിനയവും വളർച്ചയും നൽകുന്നതെന്നും ഷീറാസ് കൂട്ടിച്ചേർത്തു.
ലോക ചാമ്പ്യൻ ജോഷ് കെല്ലിയും ഐറിഷ് താരം കൊ കവീൻ അഗ്യാർകോയും തമ്മിലുള്ള മത്സരം ഈ സായാഹ്നത്തിലെ ഏറ്റവും പ്രവാചനാതീതമായ ഒന്നായിരിക്കുമെന്ന് മാച്ച്റൂം ബോക്സിങ് എക്സിക്യൂട്ടീവ് ചെയർമാൻ എ.ഡി ഹേൺ വിശേഷിപ്പിച്ചു. മുർതസാലീവിനെ പരാജയപ്പെടുത്തി കിങ് കെല്ലി തെൻറ മികവ് തെളിയിച്ചപ്പോൾ, തോൽവിയറിയാത്ത 18 പ്രഫഷനൽ വിജയങ്ങളുമായാണ് അഗ്യാർകോ റിങ്ങിലെത്തുന്നത്.
ഈ മത്സരത്തിലെ വിജയിക്ക് ബോക്സിങ് ലോകത്തെ മുൻനിര താരങ്ങളിലൊരാളെ നേരിടാൻ അവസരം ലഭിക്കും. ലോകത്ത് എവിടെ സംഘടിപ്പിച്ചാലും വൻ കാണിക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന ഈ മത്സരം ജിദ്ദയിലെ ‘ദി കംബാക്ക്’ പോരാട്ടത്തിെൻറ ഭാഗമാക്കിയത് ഇവൻറ് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടാൻ കാരണമായതായി ഹേൺ വ്യക്തമാക്കി.
ലോക ചാമ്പ്യൻഷിപ്പ് നേട്ടം തെൻറ ആത്മവിശ്വാസത്തിലും വ്യക്തിത്വത്തിലും വലിയ മാറ്റമുണ്ടാക്കിയെന്ന് ജോഷ് കെല്ലി പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാനും ഏത് മുൻനിര താരത്തെയും നേരിടാനും താൻ പ്രാപ്തനാണെന്ന് തെളിയിക്കാൻ ഉയർന്ന ആത്മവിശ്വാസത്തോടെയായിരിക്കും റിങ്ങിലിറങ്ങുകയെന്നും കെല്ലി കൂട്ടിച്ചേർത്തു.
എന്നാൽ, കെല്ലിയുടെ ക്യാമ്പാണ് ഈ പോരാട്ടത്തിന് മുൻകൈ എടുത്തതെന്ന വാദങ്ങൾ അഗ്യാർകോ പൂർണമായി തള്ളി. മുൻ മത്സരം റദ്ദായ ഉടൻ തന്നെ തെൻറ മാനേജർ മാച്ച്റൂമുമായി ബന്ധപ്പെട്ട് ഈ പോരാട്ടം ആവശ്യപ്പെടുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് വെറുമൊരു ഓപ്ഷണൽ ടൈറ്റിൽ ഡിഫൻസ് അല്ലെന്നും നിർബന്ധിത യോഗ്യതാ പോരാട്ടമാണെന്നും, കിരീടം സ്വന്തമാക്കി കരിയറിലെ ഏറ്റവും വലിയ വിജയം നേടുമെന്നും അഗ്യാർകോ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാർത്താസമ്മേളനത്തിന് ശേഷമുള്ള ഫെയ്സ്-ഓഫ് ഘട്ടത്തിൽ ഇരു താരങ്ങളും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുടെ വക്കോളമെത്തിയ തർക്കവും ഉണ്ടായെങ്കിലും സംഘാടകർ ഇടപെട്ട് രംഗം ശാന്തമാക്കി.
ആൻറണി ജോഷ്വക്ക് പുറമെ ഇന്ത്യൻ താരം നിഷാന്ത് ദേവടക്കം നിരവധി ലോക ചാമ്പ്യന്മാരും സൗദി ബോക്സിങ് താരങ്ങളും അണിനിരക്കുന്ന ‘ദി കംബാക്ക്’ ടൂർണമെൻറിെൻറ അനുബന്ധ പരിപാടികൾ ജിദ്ദയിൽ ആവേശത്തോടെ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

