ജിസാനിൽ നിര്യാതനായ മുരളീധരെൻറ മൃതദേഹം നാട്ടിലേക്ക് അയച്ചു
text_fieldsകെ.എസ്. മുരളീധരൻ
ജിസാൻ: ഹൃദയാഘാതം മൂലം ജിസാനിൽ നിര്യാതനായ ചെങ്ങന്നൂർ സ്വദേശി കെ.എസ്. മുരളീധരെൻറ (60) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.
ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ഹണി വില്ലയിൽ മുരളീധരൻ കഴിഞ്ഞ 20നാണ് മരിച്ചത്. പ്രവാസി സംഘടനയായ ‘ജല’യുടെ സജീവ ഇടപെടലിലൂടെയാണ് മൃതദേഹം റിയാദ് വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്.ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. സംസ്കാരം ബുധനാഴ്ച രാവിലെ പെരിങ്ങിലിപ്പുറത്തെ വീട്ടുവളപ്പിൽ നടക്കും. ശ്രീധരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അജി മുരളി. മക്കൾ: അമൽ മുരളി (ബഹ്റൈൻ), അമൃത് മുരളി, അമർ മുരളി.30 വർഷമായി ജിസാനിൽ ജോലി ചെയ്തിരുന്ന മുരളീധരൻ ആറ് വർഷത്തിന് ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരിച്ചത്.
റിയാദ് ആസ്ഥാനമായ അൽദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാൻ ശാഖയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗം താഹ കൊല്ലേത്ത് നേതൃത്വം നൽകി. ‘ജല’ ജനറൽ സെക്രട്ടറി സലാം കൂട്ടായി നടപടികൾ ഏകോപിപ്പിച്ചു.
കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ, ഭാരവാഹികളായ ജമാൽ കടലുണ്ടി, ഗഫൂർ പൊന്നാനി, സമീർ പരപ്പനങ്ങാടി എന്നിവരും രംഗത്തുണ്ടായിരുന്നു. മന്ത്രി സജി ചെറിയാൻ മുരളീധരെൻറ വീട് സന്ദർശിക്കുകയും നോർക്ക വഴിയുള്ള നടപടികൾ വേഗത്തിലാക്കാൻ ഇടപെടുകയും ചെയ്തിരുന്നു.
അനുസ്മരണം വ്യാഴാഴ്ച
ജിസാനിലെ പ്രവാസി സമൂഹത്തിൽ സജീവമായിരുന്ന മുരളീധരൻ ‘ജല’ ഫിഷ് മാർക്കറ്റ് യൂനിറ്റ് ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാനായിരുന്നു. അദ്ദേഹത്തിെൻറ ഓർമക്കായി വ്യാഴാഴ്ച രാത്രി എട്ടിന് ജിസാനിൽ ‘ഓർമകളിലെ മുരളിയേട്ടൻ’ എന്ന പേരിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

