തീവ്രവാദം ഏതെങ്കിലും മതവുമായോ സംസ്കാരവുമായോ ബന്ധിപ്പിക്കാനാകില്ല - യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസൽ
text_fieldsയു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസൽ
റിയാദ്: തീവ്രവാദത്തെ ചെറുക്കുന്നതിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) നിലപാടുകൾ സൗദി അറേബ്യയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസൽ യു.എൻ ജനറൽ അസംബ്ലിയുടെ ആറാം കമ്മിറ്റിയിൽ അവതരിപ്പിച്ചു. തീവ്രവാദത്തെ എല്ലാ രൂപത്തിലും ഭാവത്തിലും ഒ.ഐ.സി അപലപിക്കുന്നതായി അദ്ദേഹം ആവർത്തിച്ചു, തീവ്രവാദം ഏതെങ്കിലും മതവുമായോ സംസ്കാരവുമായോ ബന്ധിപ്പിക്കാനാകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യങ്ങളുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കേണ്ടതിന്റെ പ്രാധാന്യം അൽവാസൽ അടിവരയിട്ടു പറഞ്ഞു. അധിനിവേശം, ദാരിദ്ര്യം, ആക്രമണം തുടങ്ങിയ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനൊപ്പം, തീവ്രവാദ പ്രവർത്തനങ്ങളെയും അധിനിവേശത്തെ ചെറുക്കാനുള്ള ജനങ്ങളുടെ നിയമപരമായ അവകാശത്തെയും വേർതിരിച്ച് കാണുന്ന സമഗ്രമായ സമീപനം തീവ്രവാദത്തിനെതിരെ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേൽ അധിനിവേശത്തെയും ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങളെയും അദ്ദേഹം വീണ്ടും അപലപിച്ചു. കൂടാതെ ലബനൻ, ഇറാൻ, സിറിയ, ഖത്തർ എന്നിവിടങ്ങളിലെ ആക്രമണങ്ങളെയും അദ്ദേഹം അപലപിക്കുകയും, ഇറാനുമേലുള്ള യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെ തള്ളിക്കളയുകയും സ്വയം പ്രതിരോധത്തിനുള്ള ഇറാൻ്റെ അവകാശത്തെ പിന്തുണക്കുകയും ചെയ്തു. പാകിസ്താനോടുള്ള ഒ.ഐ.സി യുടെ ഐക്യദാർഢ്യം അറിയിച്ച സൗദി പ്രതിനിധി, ജമ്മു-കശ്മീരിലെ ഇന്ത്യൻ ആക്രമണങ്ങളെ അപലപിക്കുകയും, യു.എൻ രക്ഷാസമിതി പ്രമേയങ്ങൾക്കനുസൃതമായി കശ്മീർ ജനതയുടെ സ്വയം നിർണയാവകാശത്തെ പിന്തുണക്കകുയും ചെയ്തു.
യു.എൻ ഗ്ലോബൽ കൗണ്ടർ ടെററിസം സ്ട്രാറ്റജി ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇസ്ലാമോഫോബിയ, വംശീയത തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 'യു.എൻ കൗണ്ടർ ടെററിസം സെൻ്ററി'ൻ്റെ പങ്ക് അദ്ദേഹം പ്രശംസിച്ചു. തീവ്രവാദവും നിയമപരമായ പോരാട്ടവും തമ്മിൽ വേർതിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അൽവാസൽ, അന്താരാഷ്ട്ര തീവ്രവാദത്തെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ പൂർത്തിയാക്കാനും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനുമായി ഒരു ഉന്നതതല യു.എൻ സമ്മേളനം വിളിച്ചുകൂട്ടാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

