Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത്ഭുതകരമായ തിരിച്ചുവരവ്; എട്ടുമാസത്തെ ചികിത്സയ്ക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ സുഭാഷ് നാടണഞ്ഞു

text_fields
bookmark_border
അത്ഭുതകരമായ തിരിച്ചുവരവ്; എട്ടുമാസത്തെ ചികിത്സയ്ക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ സുഭാഷ് നാടണഞ്ഞു
cancel

റിയാദ്: മരണവാർത്ത വരെ പരന്ന അതീവ ഗുരുതരാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ നടന്ന് കരുനാഗപ്പള്ളി സ്വദേശി സുഭാഷ് ഗോപാലൻ (53) നാട്ടിലേക്ക് മടങ്ങി. എട്ടുമാസം മുമ്പ്​ കെട്ടിടത്തി​െൻറ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സുഭാഷ്, സൗദി ആരോഗ്യ മന്ത്രാലയം, ഇന്ത്യൻ എംബസി, മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ എന്നിവരുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് കഴിഞ്ഞ ദിവസം വീൽചെയറിൽ ജന്മനാട്ടിലേക്ക് യാത്ര തിരിച്ചത്.

അപകടത്തിന് പിന്നാലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുഭാഷിന് സങ്കീർണമായ തലച്ചോറ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. ഇതി​െൻറ ഭാഗമായി തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ശുമൈസിക്ക് പുറമെ റുവൈസ്, അൽ ഖുവയ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലും അദ്ദേഹം ചികിത്സയിൽ കഴിഞ്ഞു.

നാട്ടിലെത്തിയ ശേഷം വീണ്ടും വെച്ചുപിടിപ്പിക്കേണ്ടതിനാൽ, നീക്കം ചെയ്ത തലയോട്ടിയുടെ ഭാഗം അവയവങ്ങൾ കൊണ്ടുപോകുന്ന അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഐസ് ബോക്സിൽ സുരക്ഷിതമായി പാക്ക് ചെയ്താണ് കൊണ്ടുപോയത്. സുഭാഷി​ന്​ തുണയായി ഒപ്പം പോയത്​ ഉറ്റ മിത്രമായ രാജുവാണ്​.

ചികിത്സാ കാലയളവിൽ ഏകദേശം 4,50,000 റിയാൽ (ഒരു കോടിയിലധികം രൂപ) ആശുപത്രി ബില്ലായി വന്നെങ്കിലും സൗദി ആരോഗ്യ മന്ത്രാലയത്തി​െൻറ വലിയ പിന്തുണയോടെ ഇതി​െൻറ ഭൂരിഭാഗവും ഒഴിവാക്കി കിട്ടി. സുഭാഷി​െൻറയും തുണയായി ഒപ്പം പോയ ആളുടെയും ടിക്കറ്റ്​ ചെലവായ തുകയിൽ 10,000 റിയാൽ ഇന്ത്യൻ എംബസിയും ബാക്കി 3,000 റിയാൽ മൈത്രി കൂട്ടായ്​മയും സമാഹരിച്ചു നൽകി. ഇതിന്​ പുറമെ എക്​സിറ്റ്​ നടപടിക്കും മറ്റുമുള്ള ചെലവും മൈത്രി വഹിച്ചു​.

മൈത്രി ചെയർമാൻ ശിഹാബ് കൊട്ടുകാടി​െൻറ നേതൃത്വത്തിൽ നടന്ന നിരന്തരമായ ഇടപെടലുകളാണ് ഇത്രയും വലിയ തുക ഒഴിവാക്കി കിട്ടുന്നതിനും നിയമനടപടികൾ വേഗത്തിലാക്കുന്നതിനും സഹായകമായത്. ശിഹാബി​നോടൊപ്പം മൈത്രി പ്രവർത്തകരായ റഹ്‌മാൻ മുനമ്പത്ത്, മജീദ് മൈത്രി, ഷംനാദ് കരുനാഗപ്പള്ളി, നിസാർ പള്ളിക്കശേരിൽ, സാദിഖ് കരുനാഗപ്പള്ളി, നിസീർഖാൻ എന്നിവരും ശുമൈസി കിങ്​ സഊദ് മെഡിക്കൽ സിറ്റിയിലെ അസിസ്​റ്റൻറ്​ ഹെഡ് നേഴ്സ് മൃദുല വിനീഷ്, മാത്യു ജോസഫ് എന്നിവരും​ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.

സുഭാഷ് മരണപ്പെട്ടുവെന്ന തെറ്റായ വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. പേര് മാറിയത്​ മൂലമുണ്ടായ ഈ ആശയക്കുഴപ്പം കാരണം മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കുന്നതിന്​ ആവശ്യമായ പവർ ഓഫ് അറ്റോർണി വരെ തയ്യാറാക്കിയ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അദ്ദേഹം മടങ്ങുന്നത് പ്രവാസലോകത്തിന് വലിയ ആശ്വാസമായി.

ഒരിക്കൽ മരിച്ചു എന്ന് കരുതിയ ആൾ ഇന്ന് വീൽചെയറിലാണെങ്കിലും ചിരിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്നും ഇത് എല്ലാവരുടെയും പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തി​െൻറയും ഫലമാണെന്നും ശിഹാബ് കൊട്ടുകാട്​ പറഞ്ഞു.

ഇന്ത്യൻ എംബസി ഡി.സി.എം. അബൂ മാത്തൻ ജോർജ്​, വെൽഫെയർ വിങ്​ മേധാവി വൈ. സാബിർ, സഹ ഉദ്യോഗസ്​ഥൻ ആഷിഖ്, മൈത്രി ഭാരവാഹികൾ, റുവൈസ് ആശുപത്രിയിലെ ജീവനക്കാർ എന്നിവരുടെ സേവനങ്ങളെ മൈത്രി കൺവീനറും മറ്റ് പ്രവർത്തകരും പ്രത്യേകം സ്മരിച്ചു. എട്ടു മാസത്തെ നീണ്ട പ്രയത്നത്തിനൊടുവിൽ സുഭാഷ് വിമാനം കയറുമ്പോൾ ഒരു പ്രവാസിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സംതൃപ്തിയിലാണ് മൈത്രി പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A miraculous comeback; Subhash returns home after eight months of treatment and uncertainty
Next Story