ജുബൈൽ തുറമുഖത്തിനു സമീപം കുടുങ്ങി മാസങ്ങളോളം; അൽ അമീർ, എം.ടി സ്ട്രാറ്റോസ് കപ്പലുകൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക്
text_fields1. ‘എം.ടി സ്ട്രാറ്റോസ്’ കപ്പലിലെ ജീവനക്കാർ 2. ‘അൽ അമീർ’ കപ്പലിൽ ഉണ്ടായിരുന്നവർ
ജുബൈൽ: സൗദി അറേബ്യൻ കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ തുറമുഖത്ത് വിവിധ സാങ്കേതിക കാരണങ്ങളാൽ മാസങ്ങളോളം കുടുങ്ങിക്കിടന്ന ‘അൽ അമീർ’, ‘എം.ടി സ്ട്രാറ്റോസ്’ കപ്പലുകൾ ഒടുവിൽ പ്രശ്നങ്ങൾ പരിഹരിച്ച് ലക്ഷ്യസ്ഥാനമായ യു.എ.ഇയിലേക്ക് തിരിച്ചു. രണ്ട് കപ്പലുകളിലുമുണ്ടായിരുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള മുഴുവൻ ജീവനക്കാരും സ്വദേശങ്ങളിലേക്ക് മടങ്ങി. അൽ അമീർ കപ്പലിെൻറ സഹായത്താലാണ് എം.ടി സ്ട്രാറ്റോസിെൻറ തുടർയാത്ര.യു.എ.ഇ കപ്പലായ അൽ അമീറും ടാൻസനിയൻ കപ്പലായ എം.ടി സ്ട്രാറ്റോസും ഇന്ത്യക്കാരുള്‍പ്പെടുന്ന ക്രൂവുമായി ജുബൈലിൽ കുടുങ്ങിക്കിടക്കുന്ന വാർത്ത ‘ഗൾഫ് മാധ്യമം’ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാഖിലെ ബസറയിൽനിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെ സൗദിയിലെ കരൻ ദ്വീപിന് സമീപം പാറക്കൂട്ടത്തിൽ കുടുങ്ങിയ എം.ടി സ്ട്രാറ്റോസ് എന്ന ഇറാഖി ഉടമസ്ഥതയിലുള്ള ടാൻസനിയൻ കപ്പലിനെ സഹായിക്കാനെത്തിയതായിരുന്നു യു.എ.ഇ കപ്പലായ അൽ അമീർ.
എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ആ കപ്പലിന് ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതും അതിലെ ജീവനക്കാരും എം.ടി. സ്ട്രാറ്റോസിനെ പോലെ തന്നെ ജുബൈൽ തീരത്ത് മാസങ്ങളോളം കുടുങ്ങി. നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞയാഴ്ച അൽ അമീറിലെ 16 ഇന്ത്യൻ ജീവനക്കാരിൽ 13 പേർ നാട്ടിലേക്ക് മടങ്ങിയിരുന്നു.ഈ വർഷം ജനുവരി ഒമ്പതിനാണ് മോശം കാലാവസ്ഥയെത്തുടർന്ന് എം.ടി സ്ട്രാറ്റോസ് പാറക്കൂട്ടത്തിനിടയിൽ കുടുങ്ങിയത്. തുടർന്ന് കപ്പലിലെ ചരക്ക് മാറ്റാൻ അൽ അമീർ കപ്പൽ എത്തുകയും അതിലേക്ക് മാറ്റുകയും ചെയ്തു. വേലിയേറ്റ സമയത്ത് എം.ടി സ്ട്രാറ്റോസിനെ പാറക്കൂട്ടത്തിൽനിന്ന് വിടുവിച്ച് കടലിലിറക്കുകയും ചെയ്തു. എന്നാൽ യന്ത്രത്തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട കപ്പലിനെ സൗദി കോസ്റ്റ് ഗാർഡിെൻറ സഹായത്തോടെ ജുബൈലിൽനിന്ന് ആറ് മൈൽ അകലേക്ക് മാറ്റി നങ്കൂരമിട്ട് നിർത്തുകയായിരുന്നു. ഈ കപ്പലിൽ 12 ജീവനക്കാരാണ് ഉണ്ടായിരുന്നത്. രണ്ടുപേർ കപ്പൽ കുടുങ്ങിയ ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, സൗദി തീരസംരക്ഷണ സേന, ഏജൻറ് എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എംബസി വളൻറിയറും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറുമായ സലീം ആലപ്പുഴ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

