ഹുർമുസ് പ്രതിസന്ധി: സൗദി തുറമുഖങ്ങളിൽ അഞ്ച് പുതിയ സമുദ്ര സേവനങ്ങൾ ആരംഭിച്ച് ‘മവാനി’
text_fieldsസൗദി തുറമുഖങ്ങളിെലാന്ന്
അൽ ഖോബാർ: ഹുർമുസ് കടലിടുക്കിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമുദ്ര ഗതാഗത മേഖലയിലെ വെല്ലുവിളികൾ നേരിടാൻ അഞ്ച് പുതിയ സമുദ്ര സേവനങ്ങൾക്ക് സൗദി തുറമുഖ അതോറിറ്റി (മവാനി) തുടക്കം കുറിച്ചു. ലോജിസ്റ്റിക്സ് മേഖലയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുക, വിതരണ ശൃംഖലകളും ചരക്ക് ഗതാഗതവും തടസ്സമില്ലാതെ നിലനിർത്തുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഉൾപ്പെടെ പ്രതിസന്ധികളുടെ ആഘാതം കുറക്കാനും, റെഡ് സീ ബന്ധം കൂടുതൽ ശക്തിപ്പെടുത്തി വിതരണ ശൃംഖലകളുടെ കാര്യക്ഷമത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. എം.എസ്.സി, സി.എം.എ, മേർസ്ക്, ഹാപ്പഗ്-ലോയ്ഡ് എന്നീ പ്രമുഖ ആഗോള ഷിപ്പിങ് കമ്പനികളുമായി സഹകരിച്ചാണ് മവാനി ഈ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കാനുള്ള സൗദി തുറമുഖങ്ങളുടെ പ്രവർത്തനശേഷിയും കാര്യക്ഷമതയുമാണ് ഈ നീക്കം അടിവരയിടുന്നത്. ഗൾഫ് ഷട്ടിൽ, റെഡക്സ്, ജാദ്, എ.ഇ 19, എസ്ഇ 4 എന്നിവയാണ് പുതുതായി ആരംഭിച്ച സേവനങ്ങൾ.
ഇവ സൗദി തുറമുഖങ്ങളെ വിവിധ പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കും. ഏകദേശം 63,594 ടി.ഇ.യു ശേഷിയുള്ള ഈ സേവനങ്ങൾ സൗദി തുറമുഖങ്ങളുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനൊപ്പം കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും കൂടുതൽ സൗകര്യവും ഇളവുകളും നൽകുന്നു. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി നിലനിർത്തുന്നതിനും തുറമുഖങ്ങളുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുമുള്ള മുൻകരുതൽ നടപടിയാണിതെന്ന് മവാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

