തീർഥാടകർക്കായി ഹറമുകളിൽ സ്മാർട്ട് സ്ക്രീനുകൾ ഒരുങ്ങി;42 ഭാഷകളിൽ സേവനം
text_fieldsഹജ്ജ് തീർഥാടകർക്കായി ഹറമിൽ ഒരുക്കിയ സ്മാർട്ട് സ്ക്രീൻ സംവിധാനം
മക്ക: വിശുദ്ധ ഹറമിലെത്തുന്ന തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിെൻറ ഭാഗമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജമാക്കി ഇരുഹറം മതകാര്യ അതോറിറ്റി. ഹജ്ജ് സീസൺ പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഹറമുകളിൽ 42 അന്താരാഷ്ട്ര ഭാഷകളിലായി 70ലധികം സംവേദനാത്മക സ്മാർട്ട് സ്ക്രീനുകളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്.
തീർഥാടകരുടെ മതപരമായ അവബോധം വർധിപ്പിക്കുന്നതിനും അവരുടെ സന്ദർശനാനുഭവം കൂടുതൽ സമ്പന്നമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാങ്കേതിക നീക്കമാണിത്. തിരക്കേറിയ സമയങ്ങളിൽ വർധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അവരുടെ ആവശ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ മാതൃഭാഷകളിൽ തന്നെ മതപരമായ വിധികളും മാർഗനിർദേശങ്ങളും ഈ സ്ക്രീനുകളിലൂടെ വേഗത്തിൽ ആക്സസ് ചെയ്യാൻ കഴിയുമെന്ന് അതോറിറ്റി അറിയിച്ചു. ഇതുവഴി ആരാധനാകർമങ്ങളിലെ തെറ്റിദ്ധാരണകൾ തിരുത്താനും പൂർണമായ മനസ്സമാധാനത്തോടെ അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാൻ വിശ്വാസികളെ പ്രാപ്തരാക്കാനും സാധിക്കും.
മക്ക ഹറമിനുള്ളിലെ പ്രധാന മേഖലകളായ മത്വാഫ് വിപുലീകരണം, സൗദി പോർട്ടിക്കോ, കിങ് ഫഹദ് വിപുലീകരണം, മൂന്നാം സൗദി വിപുലീകരണം തുടങ്ങി 70ലധികം ഇടങ്ങളിലാണ് ഈ സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുന്നത്. മതപരമായ അറിവ് പ്രചരിപ്പിക്കുന്നതിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുക, മിതത്വത്തിെൻറയും സന്തുലിതാവസ്ഥയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംയോജിത ഡിജിറ്റൽ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനവിഭാഗങ്ങളെ അവരുടെ ഭാഷകളിൽ തന്നെ ഡിജിറ്റൽ ഉപകരണങ്ങളിലൂടെ അഭിസംബോധന ചെയ്യുന്നതിലൂടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഇരുഹറം പരിപാലന അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

