ഹുർമുസിലെ കപ്പൽ ആക്രമണം: ഇറാന് കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ
text_fieldsറിയാദ്: ഹുർമുസ് കടലിടുക്കിൽ സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. മേഖലയുടെ സുരക്ഷിതത്വത്തിനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രകോപനപരമായ നടപടികൾ ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.
ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ‘വാദ്യാൻ’, ഖത്തറിെൻറ ‘അൽ റകിയാത്ത്’ എന്നീ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിെൻറ സുരക്ഷക്കും സമാധാനത്തിനും ആഗോള ഊർജ്ജ വിതരണത്തിെൻറ സുരക്ഷിതത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണ് ഈ അസ്വീകാര്യമായ ആക്രമണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇറാൻ തുടർച്ചയായി നടത്തുന്ന ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണ്. സമുദ്രപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്രയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിെൻറ 2817-ാം നമ്പർ പ്രമേയത്തിെൻറ ഗുരുതരമായ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മേഖലയെ ആകെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികളിൽനിന്ന് ഇറാൻ പിന്മാറണമെന്ന് വിദേശകാര്യ മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. അതോടൊപ്പം, ഈ ആക്രമണങ്ങളുടെയും അവയുണ്ടാക്കുന്ന നാശനഷ്ടങ്ങളുടെയും പ്രത്യാഘാതങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്നും സൗദി പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

