ശ്രദ്ധ നേടി ഷഫീഖ് കൊടിഞ്ഞിയുടെ 'കൈതപ്പൂ മണമുള്ള വൈകുന്നേരങ്ങൾ'
text_fieldsറിയാദ്: ഭാഷയുടെ ഏറ്റവും മനോഹരവും തീവ്രവുമായ പ്രകാശനമാണ് കവിത. ദ്രവീകരണക്ഷമതയുള്ള വാക്കുകൾ കൊണ്ട് വൈകാരികതയെ സാന്ദ്രീകരിക്കുന്ന അത്തരം ഒരുപിടി നല്ല കവിതകൾ വായനക്കാർക്ക് സമ്മാനിക്കുകയാണ് പ്രവാസിയും യുവ എഴുത്തുകാരനുമായ ഷഫീഖ് കൊടിഞ്ഞി. അദ്ദേഹത്തിന്റെ 'കൈതപ്പൂ മണമുള്ള വൈകുന്നേരങ്ങൾ' എന്ന ഹൈക്കു കവിതാസമാഹാരം ശ്രദ്ധേയമായ വായനാനുഭവമാണ് നൽകുന്നത്.
ആർദ്രമായ ഭാഷയിൽ, കാതുകളിൽ മന്ത്രിക്കുന്നതുപോലെയും മനസ്സിൽ കോറിയിടുന്ന പ്രണയമൊഴികൾ പോലെയുമാണ് ഓരോ വരികളും രൂപപ്പെടുത്തിയിരിക്കുന്നത്. വാക്കുകളുടെ പ്രവാഹമോ വൈകാരികതയുടെ അതിഭാവുകത്വമോ ഇല്ലാതെ, ദാർശനികതയുടെ ആഴവും പരപ്പുമുള്ള ഇത്തരം ഒറ്റവരിക്കവിതകൾ വായനക്കാരെ ഒരു നിമിഷം ചിന്തിപ്പിക്കാൻ പോന്നവയാണ്. പ്രണയത്തിന്റെ ലോലമായ ഭാഷ ഇലകളിലും ചില്ലകളിലും പ്രതിബിംബിക്കുന്ന കാറ്റുപോലെ ഹൃദയത്തിൽ മർമ്മരങ്ങൾ തീർക്കുന്നു.
പ്രത്യേക ശീർഷകങ്ങളില്ലാതെ കുറിച്ചിട്ട ഈ വരികൾ പരമ്പരാഗത കവിതാ സങ്കൽപ്പങ്ങളെയും വായനയുടെ വൈരസ്യമാർന്ന യാത്രയെയും തിരുത്തിയെഴുതുന്നു. 'കൈതപ്പൂ മണമുള്ള വൈകുന്നേരങ്ങൾ' എന്ന പേരിൽ 84 ചെറുകുറിപ്പുകളിൽ വിരിഞ്ഞ ആത്മഭാഷണങ്ങളിൽ പ്രണയത്തിന്റെ നോവും സൗഹൃദത്തിന്റെ കുളിരും പ്രകൃതിയുടെ നനവും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട്. എത്രയോ തവണ എഴുതിയും പറഞ്ഞും കടന്നുപോയ വിഷയങ്ങളാണെങ്കിലും, വായന അകലുന്ന ഈ കാലത്ത് അവയിലന്തർലീനമായ ദാർശനികതയുടെ പൊരുളുകൾ ഏറെ വിസ്മയിപ്പിക്കുന്നതാണ്. സന്ധ്യാനേരത്ത് കൈതപ്പൂവിന്റെ സുഗന്ധം ആസ്വദിക്കുന്നതുപോലെയും ഒരു ഗസലിന്റെ മൂളൽ കേൾക്കുന്നതുപോലെയും വല്ലാത്തൊരു അനുഭൂതിയിലേക്കാണ് ഓരോ വരിയും വായനക്കാരെ നയിക്കുന്നത്. മുത്തുകൾ കോർത്ത മാലപോലെ സമന്വയിപ്പിച്ചിരിക്കുന്ന ഈ കൃതി മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും ഭാഷയുടെ മധുരിമ നുണയാനും ആശയവൈവിധ്യം മനസ്സിലാക്കാനും ഉതകുന്നതാണ്. സൗദിയിലെ അബ്ഹക്ക് സമീപം മഹായിൽ പട്ടണത്തിൽ ബിസിനസ് ചെയ്യുന്ന ഷഫീഖ് കൊടിഞ്ഞി, എഴുത്തിന് പുറമെ ഫോട്ടോഗ്രാഫിയിലും തിളങ്ങുന്ന സർഗ്ഗാത്മക വ്യക്തിത്വമാണ്. ഇന്ത്യയിലുടനീളം സഞ്ചരിച്ച് ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന അദ്ദേഹം ക്യാമറയിലൂടെയും മികച്ച ദൃശ്യാനുഭവങ്ങൾ പകർത്തിവെക്കുന്നു. അധ്യാപികയായ വർദ. കെ ആണ് ഭാര്യ. ജുവൈൻ, ഇഷ്മ അയാനി എന്നിവരാണ് മക്കൾ. ഡോ. ജമീൽ അഹ്മദ് അവതാരിക എഴുതിയ പുസ്തകത്തിന്റെ ആകർഷകമായ കവർ ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് മൻസൂർ ചെറുപ്പയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

