വർഗീയ നിഴൽയുദ്ധങ്ങൾ
text_fieldsഫിറോസ്
കൊയിലാണ്ടി ജിദ്ദ
കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾക്കനുസരിച്ച് നടന്ന ഒരു നേതൃമാറ്റത്തെപ്പോലും വർഗീയക്കണ്ണടയിലൂടെ നോക്കിക്കാണുന്ന പ്രവണത അത്യന്തം അപകടകരമാണ്. ജനവികാരവും പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായവും മാനിച്ചുകൊണ്ട് ഹൈകമാൻഡ് എടുത്ത തീരുമാനത്തെ ഒരു സമുദായത്തിെൻറയോ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ മാത്രം നേട്ടമായി ചിത്രീകരിക്കുന്നത് വസ്തുതകളോട് ചെയ്യുന്ന ക്രൂരതയാണ്. വി.ഡി. സതീശെൻറ നേതൃത്വത്തിലേക്കുള്ള വരവ് രാഷ്ട്രീയമായ ഒരു മാറ്റത്തിെൻറ തുടർച്ചയായി കാണുന്നതിന് പകരം, അതിന് പിന്നിൽ മുസ്ലിം ലീഗിെൻറ താൽപര്യങ്ങൾ മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ ശ്രമങ്ങൾ നടക്കുന്നു.
ഇത് കേവലം ഒരു രാഷ്ട്രീയ ആരോപണമല്ല, മറിച്ച് വരാനിരിക്കുന്ന അഞ്ചുവർഷം കേരളീയ സമൂഹത്തെ കൃത്യമായി വിഭജിച്ചു നിർത്താനുള്ള ഗൂഢഅജണ്ടയുടെ ഭാഗമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും ഇത്തരം ബാഹ്യശക്തികൾ അനാവശ്യമായി ഇടപെടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ താത്ത്വിക അടിത്തറയിൽ വിശ്വസിക്കുന്നവർ മാത്രമല്ല, പുരോഗമനവാദം പറയുന്ന ചില സമുദായ സംഘടനകളും രാഷ്ട്രീയ നിരീക്ഷകരും വരെ ഈ വിദ്വേഷ പ്രചരണത്തിൽ പങ്കുചേരുന്നു എന്നത് ഖേദകരമാണ്. ന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് മുസ്ലിം ലീഗിനെയും പ്രതിക്കൂട്ടിൽ നിർത്തി ഭൂരിപക്ഷ സമുദായത്തിനിടയിൽ ഭീതി പടർത്താനാണ് ഇവർ ശ്രമിക്കുന്നത്. ഒരു ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള സ്വാഭാവികമായ ചർച്ചകളെയും പരസ്പര ബഹുമാനത്തെയും ‘അടിമത്തം’ എന്ന് വിളിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
ഇത്തരം വാദങ്ങൾ ഉയർത്തുന്നവർ ലക്ഷ്യമിടുന്നത് കേരളത്തിെൻറ മതസൗഹാർദത്തെ തകർക്കുക എന്നതുതന്നെയാണ്. അധികാരത്തിലേറാൻ വർഗീയ ധ്രുവീകരണം ആയുധമാക്കുന്നവർക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളെ നാം കരുതിയിരിക്കണം. രാഷ്ട്രീയ നേതാക്കളെ അവരുടെ പ്രവർത്തന മികവിെൻറയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിന് പകരം അവരുടെ സൗഹൃദങ്ങളെയും പിന്തുണയെയും മതപരമായ ചട്ടക്കൂടിലേക്ക് ചുരുക്കുന്നത് ജനാധിപത്യത്തിെൻറ അന്തസ്സത്തക്ക് നിരക്കാത്തതാണ്. വികസനത്തെയും നയങ്ങളെയും കുറിച്ച് സംവദിക്കേണ്ട രാഷ്ട്രീയ വേദിയിൽ വംശീയമായ ആക്ഷേപങ്ങളും വർഗീയമായ വേർതിരിവുകളും കുത്തിനിറയ്ക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന വഞ്ചനയാണ്. വിവേകമുള്ള കേരളീയ സമൂഹം ഇത്തരം വിഭജന രാഷ്ട്രീയത്തെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ നേതൃമാറ്റം ഒരു വ്യക്തിയുടെ വിജയമല്ല, മറിച്ച് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയാണ്. അതിന് വർഗീയതയുടെ നിറം നൽകി മലിനമാക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ കേരളത്തിെൻറ മതേതര മനസ്സിനെയാണ് മുറിവേൽപ്പിക്കുന്നത്. രാഷ്ട്രീയ വിയോജിപ്പുകൾ നിലപാടുകൾ തമ്മിലാകട്ടെ, അല്ലാതെ സമുദായങ്ങൾ തമ്മിലാകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

