മക്ക മസ്ജിദുൽ ഹറാമിൽ ‘സുരക്ഷ ബ്രേസ്ലെറ്റ്’ സേവനം
text_fieldsജിദ്ദ: മക്ക മസ്ജിദുൽ ഹറാമിൽ എത്തുന്ന വിശ്വാസികൾക്ക് ഏറെ ഉപകാരപ്രദമായ സേവനമായി ‘സുരക്ഷ ബ്രേസ്ലെറ്റ്’. കുട്ടികൾക്കും പ്രായമായവർക്കും കാഴ്ച വൈകല്യമുള്ളവർക്കുമെല്ലാം അവർ വഴി തെറ്റിപ്പോയാൽ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതാണ് സുരക്ഷ ബ്രേസ്ലെറ്റ്. ഇരുഹറം സുരക്ഷ ജനറൽ പ്രസിഡൻസിയാണ് ഈ സേവനം നൽകുന്നത്.
മസ്ജിദുൽ ഹറാമിലെ കിങ് അബ്ദുൽ അസീസ് ഗേറ്റ് (നമ്പർ 1), കിങ് ഫഹദ് ഗേറ്റ് (നമ്പർ 79) എന്നിവിടങ്ങളിൽനിന്ന് 24 മണിക്കൂറും സുരക്ഷ ബ്രേസ്ലെറ്റ് ലഭിക്കും. മസ്ജിദ് സന്ദർശിക്കുന്ന തീർഥാടകരുടെ സുരക്ഷ വർധിപ്പിക്കുകയും കർമങ്ങൾ നിർവഹിക്കുമ്പോൾ അവർക്ക് മനസ്സമാധാനം നൽകുകയും ചെയ്യുന്ന മികച്ച പരിഹാരമാണിത്. ഗുണഭോക്താക്കൾക്ക് അവരുടെ കുടുംബാംഗങ്ങൾക്കോ കൂട്ടാളികൾക്കോ തൽക്ഷണം ബന്ധപ്പെടാനുള്ള വിവരങ്ങൾ അടങ്ങിയ ഒരു റിസ്റ്റ്ബാൻഡ് ആണിത്.
ദൈവത്തിന്റെ അതിഥികളെ പരിചരിക്കുന്നതിനായി സുരക്ഷ അതോറിറ്റി നൽകുന്ന സാങ്കേതിക സേവനങ്ങളുടെ ഭാഗമായി തീർഥാടകർക്കും ആരാധകർക്കും നൽകുന്ന സേവനങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സേവനങ്ങളും സാങ്കേതികവിദ്യകളുമെന്ന് ഇരുഹറം സുരക്ഷ ജനറൽ പ്രസിഡൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

