സൗദി-ഖത്തർ ട്രെയിൻ പദ്ധതി ആറു വർഷത്തിനുള്ളിൽ പൂർത്തിയാകും
text_fieldsസൗദി ഗതാഗത മന്ത്രി സ്വാലിഹ് അൽജാസിർ
റിയാദ്: നിർദ്ദിഷ്ട സൗദി-ഖത്തർ അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതി ആറു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് അൽജാസിർ പറഞ്ഞു. റിയാദിനും ദോഹക്കുമിടയിൽ നിർമിക്കുന്ന റെയിൽവേ പാതയുടെ അടിസ്ഥാന സൗകര്യ നിർമാണപ്രവർത്തനങ്ങൾ പ്രാദേശിക കരാർ കമ്പനികൾ ഏറ്റെടുക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഇത് മേഖലയിൽ സാമ്പത്തിക, ലോജിസ്റ്റിക്കൽ സംയോജനത്തിന്റെ ഒരു പുതിയ ഘട്ടം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിക്കും ഖത്തറിനുമിടയിൽ വ്യോമ, റോഡ് ഗതാഗത ബന്ധങ്ങളെ കൂടാതെ റെയിൽവേ ലിങ്കും സ്ഥാപിക്കാനുള്ള ഈ പദ്ധതി ചരിത്രപരമാണ്. പ്രതിവർഷം കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ 785 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്. ആധുനിക ട്രെയിനുകളുടെ നിർമാണത്തിൽ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര കമ്പനികളാണ് പ്രധാന നിർമാണപ്രവൃത്തികൾ നടത്തുക. തിങ്കളാഴ്ച റിയാദിൽ നടന്ന സൗദി-ഖത്തർ ഏകോപന സമിതിയുടെ യോഗത്തിലാണ് പദ്ധതി പ്രഖ്യാപനമുണ്ടായത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ ഓടുന്ന അത്യാധുനിക ട്രെയിനുകളാണ് സർവിസ് നടത്തുക. റിയാദ് മുതൽ ദോഹ വരെയുള്ള ലൈനിൽ അഞ്ച് പ്രധാന പാസഞ്ചർ സ്റ്റേഷനുകളുണ്ടാവും. ദോഹക്കും റിയാദിനുമിടയിലെ ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങും.
സുഖം, വേഗം, സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ച് വിപുലമായ ഗതാഗത അനുഭവം പ്രദാനം ചെയ്യുന്നതിനായി രൂപകൽപന ചെയ്യുന്ന പദ്ധതിയായിരിക്കും ഇതെന്നും ഗതാഗത മന്ത്രി പറഞ്ഞു. റിയാദിനും ദോഹക്കുമിടയിലുള്ള അതിവേഗ ട്രെയിൻ ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട ലിങ്കുകളിലൊന്നാണ്. മേഖലയിലെ ഗതാഗതം, ഊർജം, വ്യാപാര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സംയോജനത്തിനായുള്ള വിശാലമായ കാഴ്ചപ്പാടിെൻറ പശ്ചാത്തലത്തിലാണ് ഇത് വരുന്നത്. വിമാനത്താവളങ്ങളുമായും പ്രധാന സാമ്പത്തിക കേന്ദ്രങ്ങളുമായും പദ്ധതിയുടെ സംയോജനം കണക്കിലെടുക്കുമ്പോൾ ഈ അതിവേഗ ട്രെയിൻ പദ്ധതി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ടൂറിസം, ബിസിനസ്, വ്യാപാരം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് നിക്ഷേപകരും വിദഗ്ധരും പ്രതീക്ഷിക്കുന്നുവെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

