വിദ്യാഭ്യാസത്തിൽ സൗദി പ്രഫസർക്ക് പ്രശസ്ത അമേരിക്കൻ അവാർഡ്
text_fieldsഅമേരിക്കൻ മാൽക്കം ബാൾഡ്രിജ് അവാർഡ് നേടിയ സൗദി പ്രഫസർ മുബാറക് അൽകഹ്താനി
റിയാദ്: വിദ്യാഭ്യാസത്തിൽ സൗദി പ്രഫസർ മുബാറക് അൽകഹ്താനിക്ക് പ്രശസ്ത അമേരിക്കൻ അവാർഡ്. 2025 ലെ വിദ്യാഭ്യാസ രംഗത്തെ നേതൃത്വ മികവിനുള്ള അമേരിക്കൻ മാൽക്കം ബാൾഡ്രിജ് അവാർഡാണ് സൗദി പ്രഫസർ മുബാറക് അൽകഹ്താനിക്ക് ലഭിച്ചത്.
അവാർഡ് ലഭിച്ച അൽ കഹ്താനിയെ യു.എസിലെ സൗദി എംബസി അഭിനന്ദിച്ചു. ഈ പ്രശസ്ത അവാർഡ് ലഭിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് സൗദി എംബസി പറഞ്ഞു. വിദ്യാഭ്യാസവും നേതൃത്വവും വികസിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണം വിദ്യാഭ്യാസ സമ്പ്രദായത്തിലെ എല്ലാ ജീവനക്കാർക്കും പ്രചോദനത്തിന്റെ ഉറവിടമായി തുടരുന്നുവെന്നും എംബസി ചൂണ്ടിക്കാട്ടി.
കിങ് സുഊദ് യൂനിവേഴ്സിറ്റിയിലെ പ്രായോഗിക ഭാഷാശാസ്ത്രത്തിന്റെയും വിവർത്തനത്തിന്റെയും പ്രഫസറാണ് ഡോ. അൽ കഹ്താനി. അതേ യൂനിവേഴ്സിറ്റിയിലെ വികസനത്തിന്റെയും ഗുണനിലവാരത്തിന്റെയും ഡീൻ ആണ്.
ഫാക്കൽറ്റി അംഗം, വകുപ്പ് തലവൻ, ഗവേഷകൻ, എഡിറ്റോറിയൽ ബോർഡ് അംഗം, പരിശീലകൻ, ക്വാളിറ്റി ഇവാലേറ്റർ തുടങ്ങി യൂനിവേഴ്സിറ്റിക്കകത്തും പുറത്തും നിരവധി നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും നാല് പുസ്തകങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

