ഹജ്ജ് തീർഥാടകരുടെ താമസകേന്ദ്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ സൗദി ടൂറിസം മന്ത്രാലയം പുതുക്കി
text_fieldsമക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിലെയും മദീനയിലെയും തീർഥാടകരുടെ താമസസൗകര്യ മാനദണ്ഡങ്ങളിൽ സൗദി ടൂറിസം മന്ത്രാലയം നിർണായക ഭേദഗതികൾ വരുത്തി. ഹജ്ജ് സീസൺ ലോഡ്ജുകളുടെ പ്രവർത്തനം, ലൈസൻസിങ്, തരംതിരിക്കൽ, ചട്ടലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവയിലാണ് ഭേദഗതികൾ. തീർഥാടകർ എത്തുന്നതിന് മുൻപായി താമസകേന്ദ്രങ്ങളുടെ സജ്ജീകരണം പൂർത്തിയാക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രവർത്തനപരമായ കാര്യങ്ങൾ ഏകോപിപ്പിക്കാനുമാണ് ഈ നടപടി.
തീർഥാടകർക്ക് മികച്ച താമസസൗകര്യം ഉറപ്പാക്കാനാണ് ഭേദഗതികളെന്ന് ടൂറിസം മന്ത്രാലയ ഔദ്യോഗിക വക്താവ് നസ്ർ അൽ അൻസാരി വ്യക്തമാക്കി. താമസസ്ഥലങ്ങളുടെ പ്രവർത്തനക്ഷമത, സുരക്ഷ, അറ്റകുറ്റപ്പണി, അടിസ്ഥാന സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത എന്നിവ പുതിയ നിയമപ്രകാരം ഉറപ്പുവരുത്തും.
പുതുക്കിയ മാനദണ്ഡ പ്രകാരം ഹജ്ജ് സീസൺ ലോഡ്ജുകളെ ‘ഇക്കണോമി’, ‘ഫസ്റ്റ് ക്ലാസ്’ എന്നിങ്ങനെ തരംതിരിച്ച് പ്രത്യേക നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. പൊതുസൗകര്യങ്ങൾ, മുറികൾ, റിസപ്ഷൻ, ശുചിത്വം, അറ്റകുറ്റപ്പണികൾ, സേവനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ മാനദണ്ഡങ്ങൾ. തീർഥാടകരുടെ താമസം നീണ്ടുനിൽക്കുന്ന കാലയളവിലുടനീളം സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർക്ക് ആതിഥ്യമരുളുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിച്ച മന്ത്രാലയം, താമസസൗകര്യം നൽകാൻ ലൈസൻസ് ആഗ്രഹിക്കുന്നവർ ഔദ്യോഗിക നിബന്ധനകളും അറ്റകുറ്റപ്പണികളും മുൻകൂട്ടി പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

