വിമാനത്താവളങ്ങളിൽ കുടുങ്ങിയ ജി.സി.സി പൗരന്മാർക്ക് സഹായവുമായി സൗദി ആഭ്യന്തര മന്ത്രാലയം
text_fieldsറിയാദ്: വിവിധ കാരണങ്ങളാൽ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ ഇതര ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളിലെ പൗരന്മാർക്ക് അടിയന്തര സഹായവും സൗകര്യങ്ങളും ഉറപ്പാക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. സൗദിയിലെത്തുന്ന ഇതര ഗൾഫ് രാജ്യങ്ങളിലെ സഹോദരങ്ങൾക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ലഘൂകരിക്കാനും, അവർക്ക് മാന്യമായ താമസസൗകര്യവും വിശ്രമവും ഒരുക്കാനും മന്ത്രാലയം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുന്നത് വരെ ഇവർ സൗദിയുടെ അതിഥികളായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
വിമാനത്താവളങ്ങളിൽ കുടുങ്ങിയവർ വിമാനത്താവളങ്ങളിലെ തന്നെ പാസ്‌പോർട്ട് വിഭാഗം ഓപ്പറേഷൻസ് ഡെസ്കുമായി ബന്ധപ്പെടണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടുമായി (ജവാസത്) ബന്ധപ്പെടാനുള്ള ഏകീകൃത നമ്പരായ 992 ഉപയോഗിക്കാം. തങ്ങളുടെ രണ്ടാം വീട്ടിലെന്നപോലെ സുരക്ഷിതമായി തുടരുന്ന ഇവർക്ക്, സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് തിരികെ പോകാനുള്ള പൂർണ പിന്തുണ സൗദി ഗവൺമെൻറ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

