രാജ്യത്ത് എണ്ണയിതര മേഖലയുടെ കുതിപ്പ് തുടരും -സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രി
text_fieldsറിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് കോൺഫറൻസിൽ സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽ
ഇബ്രഹീം സംസാരിക്കുന്നു
ജിദ്ദ: എണ്ണയിതര മേഖലയിലെ ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിൽ 2025 അവസാനത്തോടെ സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 5.1 ശതമാനം വർധിക്കുമെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം പ്രവചിച്ചു. റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വൈവിധ്യവത്കരണ അജണ്ട രാജ്യം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഫലമായാണ് ഈ മുന്നേറ്റം സാധ്യമായതെന്ന് അശ്ശർഖ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
യഥാർഥ ജി.ഡി.പി വളർച്ച മൊത്തം ഏകദേശം 5.1 ശതമാനവും, എണ്ണയിതര ജി.ഡി.പി വളർച്ച ഏകദേശം 3.8 ശതമാനവുമാണ് 2025ൽ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഹൈഡ്രോകാർബണുകളിലുള്ള ആശ്രിതത്വം കുറക്കുന്നതിനും, കൂടുതൽ സുസ്ഥിരവും ഉൽപാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ളതുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ദീർഘകാല പരിവർത്തന യാത്രയാണ് ഈ തുടർച്ചയായ മുന്നേറ്റത്തിന് കാരണം.
എണ്ണയെ ആശ്രയിക്കുന്നതിൽനിന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനാണ് രാജ്യം മുൻഗണന നൽകുന്നതെന്നും, പ്രകൃതിവിഭവങ്ങൾക്കപ്പുറം ഉൽപാദനക്ഷമതയാൽ നയിക്കപ്പെടുന്ന വളർച്ചക്ക് സാക്ഷ്യംവഹിക്കുന്ന ഒരു പ്രതിരോധശേഷിയുള്ള സമ്പദ്വ്യവസ്ഥയായി സൗദി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്ന ചെറുകിട ബിസിനസുകളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനുള്ള ലക്ഷ്യങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യഥാർഥ ജി.ഡി.പി വളർച്ച 2025ൽ 4.4 ശതമാനത്തിലും 2026ൽ 4.6 ശതമാനത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വളർച്ചക്ക് പിന്നിലും എണ്ണയിതര പ്രവർത്തനങ്ങളുടെ സ്ഥിരമായ വികാസം പിന്തുണ നൽകുന്നു.
എണ്ണ ഉൽപാദനത്തിലെ വർധനയും ആഗോള ഡിമാൻഡിലെ പുരോഗതിയും ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നാണയ നിധി (എ.എം.എഫ്) ഈ മാസം ആദ്യം സൗദി അറേബ്യയുടെ 2025ലെ സാമ്പത്തിക വളർച്ച പ്രവചനം നാല് ശതമാനമായി ഉയർത്തിയിരുന്നു. എണ്ണ ഇതര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും വിദേശ നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കാനുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ദേശീയ തന്ത്രമായ വിഷൻ 2030ന്റെ ഭാഗമായുള്ള വലിയ സാമ്പത്തിക പരിവർത്തനത്തിനാണ് സൗദി അറേബ്യ നിലവിൽ വിധേയമായിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

