സൗദി-ഇറാൻ ചർച്ച മുന്നോട്ട്; വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsസൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ കൂടിക്കാഴ്ച നടത്തുന്നു
ജിദ്ദ: സൗദി-ഇറാൻ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാനും നയതന്ത്ര ദൗത്യങ്ങൾ സജീവമാക്കാനും നീക്കം തുടരുന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ കൂടിക്കാഴ്ച നടത്തി. ‘ബ്രിക്സ്’ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്.
ഉഭയകക്ഷി പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതുൾപ്പെടെ, ഇരു രാജ്യങ്ങളും ബെയ്ജിങ്ങിൽ ഒപ്പുവെച്ച കരാർ നടപടികൾ നടപ്പിലാക്കുന്നതിനുള്ള ഫലപ്രദമായ നീക്കങ്ങൾ ഇരുവരും ചർച്ച ചെയ്തു. പല മേഖലകളിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പശ്ചിമേഷ്യയിലെ രണ്ട് പ്രധാന ശക്തികളായ സൗദിയുടെയും ഇറാന്റെയും ഉന്നത സുരക്ഷ ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ച ഏറെ പ്രാധാന്യം നൽകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ ഉഭയകക്ഷി, അന്താരാഷ്ട്ര ബന്ധങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ സഹകരണ മാർഗങ്ങൾ ചർച്ച ചെയ്യാനും കൂടിയാലോചന യോഗങ്ങൾ ശക്തമാക്കാനും കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.
2016ലാണ് സൗദി ഇറാനുമായുള്ള ബന്ധം താൽക്കാലികമായി വിച്ഛേദിച്ചത്. 2021 ഏപ്രിലിൽ ബഗ്ദാദിൽ സൗദിയും ഇറാനും നേരിട്ടുള്ള ചർച്ചകളാണ് വഴിത്തിരിവുണ്ടാക്കിയത്. 2022ൽ തുടർചർച്ചകളും കൂടിക്കാഴ്ചകളും സജീവമായി നടന്നു. ഇറാഖിന്റെയും ഒമാന്റെയും മധ്യസ്ഥതയിൽ നാല് റൗണ്ട് ചർച്ചകളും നടന്നു. അഞ്ചാം റൗണ്ട് ചർച്ചയിൽ എംബസികൾ വീണ്ടും തുറക്കാൻ ധാരണയായി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൗദി അറേബ്യ സന്ദർശിച്ച് മധ്യസ്ഥ ശ്രമം ഊർജിതമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി കഴിഞ്ഞ ഫെബ്രുവരിയിൽ ചൈന സന്ദർശിച്ചു. മാർച്ചിൽ സൗദിയും ഇറാനും ബന്ധം പുനഃസ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

