ഗസ്സ വിഷയത്തിൽ സൗദി -ഇറാൻ മന്ത്രിതല കൂടിക്കാഴ്ച
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ചർച്ച നടത്തിയപ്പോൾ
ജിദ്ദ: ഇസ്രായേൽ ആക്രമണത്തെതുടർന്നുണ്ടായ ഗസ്സയിലെ സ്ഥിതിഗതികളും സംഭവവികാസങ്ങളും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ചർച്ച നടത്തി. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം അംഗീകരിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഉന്നതതല പരിപാടിക്കിടയിൽ ജനീവയിൽവെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഗസ്സയിൽ വെടിനിർത്തലിനും സാധാരണക്കാരായ അവിടത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ട പ്രാധാന്യവും പൊതുതാൽപര്യമുള്ള മറ്റ് പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചക്ക് വിഷയമായി. യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ മുഹ്സിൻ ബിൻ ഖത്തീല, വിദേശകാര്യ മന്ത്രി ഓഫിസിന്റെ ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ പങ്കെടുത്തു.
അതിനിടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള അറബ്-ഇസ്ലാമിക് മന്ത്രിതല സംഘം സ്വിറ്റ്സർലൻഡിലെത്തി. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നയതന്ത്ര ചർച്ചയുടെ ഭാഗമായി കഴിഞ്ഞ മാസം ആരംഭിച്ച പര്യടനത്തിന്റെ ഭാഗമായാണിത്. പര്യടനം കാനഡയിലാണ് അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

