ചെറിയ സ്ഥാപനങ്ങൾക്കും കൂട്ടായ താമസസൗകര്യം നിർബന്ധമാക്കുന്നു
text_fieldsറിയാദ്: 2027 ഫെബ്രുവരി മുതൽ ചെറിയ സ്ഥാപനങ്ങൾക്കും ലൈസൻസുള്ള കൂട്ടായ താമസസൗകര്യം (ഗ്രൂപ്പ് ഹൗസിങ്) നിർബന്ധമാക്കുന്നു. 250ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികളുടെ താമസസൗകര്യത്തിലെ പോരായ്മകൾ പരിഹരിച്ച് നിയമപരമായ എല്ലാ മാനദണ്ഡങ്ങളും വ്യവസ്ഥകളും നിർബന്ധമായും പൂർത്തിയാക്കണമെന്ന് 'വ്യക്തികൾക്കായുള്ള കൂട്ടായ താമസസൗകര്യ വികസനത്തിനായുള്ള ദേശീയ പ്രോഗ്രാം' ഓർമിപ്പിച്ചു.
സൗദി നഗരങ്ങളിൽ തൊഴിലാളികളുടെ താമസസൗകര്യം ക്രമീകരിക്കുന്നതിനും ജീവിതസാഹചര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. അവസാന ഘട്ട നിർബന്ധിത നിയമം പ്രാബല്യത്തിൽ വരുന്ന 2027 ഫെബ്രുവരി ഒന്നിന് മുമ്പായി ചെറിയ സ്ഥാപനങ്ങൾ തങ്ങളുടെ കീഴിലെ തൊഴിലാളികൾക്ക് ലൈസൻസുള്ള കൂട്ടായ താമസസൗകര്യം ഉറപ്പാക്കണമെന്നാണ് അധികൃതരുടെ നിർദേശം
ഈ നിയമം പ്രാബല്യത്തിൽ വരുന്നതുവരെയുള്ള ബാക്കി സമയം സ്ഥാപനങ്ങൾക്കായുള്ള സാവകാശ കാലയളവാണ് എന്ന് പ്രോഗ്രാം വ്യക്തമാക്കി. അംഗീകൃത നിയമനടപടികൾ അനുസരിച്ച് സ്ഥാപനങ്ങൾക്ക് തങ്ങളുടെ നിലവിലെ സ്ഥിതി തിരുത്തി ക്രമപ്പെടുത്താൻ ആവശ്യമായ പിന്തുണയും സഹായവും നൽകുമെന്നും അതുവഴി നിയമാനുസൃതമായ വ്യവസ്ഥകൾ പാലിക്കുന്നതിനും പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും സ്ഥാപനങ്ങളെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രോഗ്രാം പറഞ്ഞു.
തൊഴിലാളികളുടെ താമസസൗകര്യം ക്രമപ്പെടുത്തുന്നത് രണ്ട് അംഗീകൃത രീതികളിലൂടെ യാണെന്ന് പ്രോഗ്രാം വ്യക്തമാക്കി. ആദ്യത്തേത്, നിർദിഷ്ട പ്ലാറ്റ്ഫോമുകൾ വഴി സ്ഥാപനത്തിന്റെ കെട്ടിടത്തിന് ആരോഗ്യ, സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയ ശേഷം കൂട്ടായ താമസസൗകരണത്തിനുള്ള ലൈസൻസ് നേടുക എന്നതാണ്. രണ്ടാമത്തേത്, മുൻകൂട്ടി ലൈസൻസ് ലഭിച്ച കെട്ടിടങ്ങളുമായി കരാറുണ്ടാക്കുക എന്നതാണ്. ഇത് സ്വന്തമായി കെട്ടിടങ്ങൾ നിർമ്മിച്ച് പരിപാലിക്കാതെ തന്നെ തൊഴിലാളികൾക്ക് നിയമാനുസൃതമായ താമസസൗകര്യം ഒരുക്കാൻ സ്ഥാപനങ്ങളെ സഹായിക്കും.
അനുവദിച്ചിട്ടുള്ള സാവകാശ കാലയളവിനുള്ളിൽ കെട്ടിടങ്ങൾക്കുള്ള ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നതിനോ മുൻകൂട്ടി ലൈസൻസ് ലഭിച്ച താമസസൗകര്യങ്ങളുമായി കരാറുകളിൽ ഏർപ്പെടുന്നതിനോ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് പ്രോഗ്രാം കർശനമായി ആവശ്യപ്പെട്ടു. അംഗീകൃത നടപടിക്രമങ്ങൾ പാലിക്കുന്നത് തൊഴിലാളികളുടെ താമസസൗകര്യം സുഗമമായി ക്രമീകരിക്കാനും ആരോഗ്യ, സാങ്കേതിക, സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കാനും സഹായിക്കുമെന്നും, താമസകെട്ടിടങ്ങളുടെ അനധികൃത ഉപയോഗങ്ങൾ തടയാൻ വഴിയൊരുക്കുമെന്നും പ്രോഗ്രാം പറഞ്ഞു. വ്യക്തികൾക്കായുള്ള കൂട്ടായ താമസസൗകര്യം ക്രമീകരിക്കുന്നതിലൂടെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അനുയോജ്യമായ താമസപരിസരം ഉറപ്പാക്കാനും ജീവിതനിലവാരം ഉയർത്താനും നഗരകാഴ്ചകൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതായി പ്രോഗ്രാം സൂചിപ്പിച്ചു.
സ്ഥാപനങ്ങൾക്ക് തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ തുടരാനുള്ള സൗകര്യവും തൊഴിലാളികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പാലിക്കുന്നതും തമ്മിലുള്ള സമതുലിതാവസ്ഥ കൈവരിക്കാൻ ഇത് സഹായിക്കും.
നിശ്ചിത സമയപരിധിക്കുള്ളിൽ നിയമവ്യവസ്ഥകൾ പാലിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന നിയമനടപടികൾ ഒഴിവാക്കുന്നതിനായി അനുവദിച്ചിട്ടുള്ള സാവകാശ കാലയളവ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അംഗീകൃത പ്ലാറ്റ്ഫോമുകൾ വഴി ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയോ ലൈസൻസുള്ള താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളോട് പ്രോഗ്രാം ആഹ്വാനം ചെയ്തു.

