സൗദി സമ്പദ്വ്യവസ്ഥയിൽ വൻകുതിപ്പ്; 2025ൽ 4.5 ശതമാനം ജി.ഡി.പി വളർച്ച
text_fieldsയാംബു: 2025ൽ സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) 4.5 ശതമാനത്തിന്റെ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം എണ്ണ മേഖലയിൽ 5.7 ശതമാനവും എണ്ണ ഇതര മേഖലകളിൽ 4.9 ശതമാനവും വളർച്ച നിരക്ക് കൈവരിക്കാനായി. സർക്കാർ സേവന മേഖലയിൽ 0.9 ശതമാനത്തിന്റെ വർധനവാണുണ്ടായത്. നിലവിലെ വിപണി മൂല്യമനുസരിച്ച് 2025ൽ രാജ്യത്തിന്റെ ആകെ ജി.ഡി.പി 4.789 ട്രില്യൺ റിയാലിൽ എത്തിയിരിക്കുകയാണ്.
സൗദി സമ്പദ്വ്യവസ്ഥയിലേക്ക് ഏറ്റവും വലിയ സംഭാവന നൽകിയത് എണ്ണ, പ്രകൃതിവാതക മേഖലകളാണ് (17.1 ശതമാനം). മറ്റ് പ്രധാന മേഖലകളിലെ പുരോഗതി ഇനി പറയുന്ന പ്രകാരമാണ്. മൊത്ത-ചില്ലറ വ്യാപാരം, ഹോട്ടൽ, റെസ്റ്റോറൻറ് മേഖലയിൽ 12.3 ശതമാനം വളർച്ച, ഉത്പാദന മേഖലയിൽ (എണ്ണ ശുദ്ധീകരണം ഒഴികെ) 11.1 ശതമാനം വളർച്ച, നിർമാണ മേഖലയിൽ 8.0 ശതമാനം പുരോഗതി എന്നിങ്ങനെയാണ് അത്. എണ്ണ ഇതര കയറ്റുമതിയിൽ (പുനർ കയറ്റുമതി ഒഴികെ) കഴിഞ്ഞ വർഷം 1.5 ശതമാനത്തിന്റെ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, 2025െൻറ അവസാന പാദത്തിൽ എണ്ണ ഇതര കയറ്റുമതിയിൽ 18.6 ശതമാനത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റം ദൃശ്യമായി.
2025ന്റെ നാലാം പാദത്തിൽ മാത്രം സൗദി സമ്പദ്വ്യവസ്ഥ 5.0 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ കാലയളവിൽ എണ്ണ, പ്രകൃതിവാതക പ്രവർത്തനങ്ങളിൽ 12.4 ശതമാനത്തിന്റെ വാർഷിക വളർച്ചയുണ്ടായി. മുൻപാദത്തെ അപേക്ഷിച്ച് 4.2 ശതമാനം വർധനവാണ് ഈ മേഖലയിലുണ്ടായത്. കൂടാതെ, നാലാം പാദത്തിൽ വ്യാപാര-വിനോദസഞ്ചാര മേഖലകൾ 5.4 ശതമാനം വാർഷിക വളർച്ചയും കൈവരിച്ചു. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയിൽ എണ്ണ മേഖലയിൽ നിന്നുള്ള വരുമാനം തന്നെയാണ് കഴിഞ്ഞ വർഷവും നിർണായക സ്വാധീനം ചെലുത്തിയത് എന്ന് അതോറിറ്റി റിപ്പോർട്ട് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

