ആഗോള വിപണി കീഴടക്കി സൗദി ഈത്തപ്പഴം കയറ്റുമതിയിൽ റെക്കോർഡ് നേട്ടം
text_fieldsറിയാദ്: ലോകത്തെ ഈത്തപ്പഴ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് സൗദി അറേബ്യ റെക്കോർഡ് നേട്ടം കൈവരിച്ചു. 2025ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഈത്തപ്പഴ കയറ്റുമതി ഏകദേശം 193.8 കോടി റിയാലായി ഉയർന്നു. 2024നെ അപേക്ഷിച്ച് 14.3 ശതമാനത്തിെൻറ വളർച്ചയാണ് ഈ മേഖലയിലുണ്ടായത്. 2021 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 59.5 ശതമാനത്തിെൻറ വൻ കുതിച്ചുചാട്ടമാണ് രാജ്യം ഈ രംഗത്ത് പ്രകടമാക്കിയത്. സൗദി അറേബ്യയുടെ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്കും വിതരണ ശൃംഖലയുടെ വികസനത്തിനും ലഭിച്ച ആഗോള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയും തമ്മിലുള്ള മികച്ച ഏകോപനവും ഭരണകൂടം നൽകുന്ന നിരന്തര പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. ഈത്തപ്പഴ കയറ്റുമതി കാര്യക്ഷമമാക്കുന്നതിനും അന്താരാഷ്ട്ര വിപണികളിലേക്ക് സൗദി ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നടപ്പാക്കിയ വിവിധ സംരംഭങ്ങൾ വലിയ തോതിൽ ഫലം കണ്ടു.
ഇത് ദേശീയ ഉൽപന്നമെന്ന നിലയിൽ ഈത്തപ്പഴത്തിെൻറ സാമ്പത്തിക മൂല്യം വർധിപ്പിക്കുകയും രാജ്യത്തിന്റെ ആകെ ജി.ഡി.പിയിൽ കാർഷിക മേഖലയുടെ പങ്കാളിത്തം ശക്തമാക്കുകയും ചെയ്തു.
സമീപകാലത്തായി ഈത്തപ്പഴ ഉൽപാദനത്തിലും വിപണനത്തിലും വലിയ തോതിലുള്ള ആധുനികവൽകരണമാണ് രാജ്യം നടപ്പാക്കിയത്. നിലവിൽ 125ലധികം രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്നുള്ള വിവിധ ഇനം ഈത്തപ്പഴങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. 2025ൽ മാത്രം രാജ്യത്തെ ഉൽപാദനം 19 ലക്ഷം ടൺ കവിഞ്ഞു. സൗദി അറേബ്യയിലുടനീളമുള്ള 3.7 കോടിയിലധികം ഈത്തപ്പനകളിൽ നിന്നാണ് ഇത്രയും വലിയ തോതിലുള്ള ഉൽപാദനം സാധ്യമായത്. ഈ മികവിലൂടെ ലോകത്തെ ഈത്തപ്പഴ ഉൽപാദനത്തിലും കയറ്റുമതിയിലും മുൻനിര ശക്തിയായി സൗദി അറേബ്യ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

