ഇന്തോനേഷ്യൻ ദേശീയ മ്യൂസിയം സന്ദർശിച്ച് സൗദി സാംസ്കാരിക മന്ത്രി
text_fieldsജക്കാർത്തയിലെത്തിയ സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ഇന്തോനേഷ്യൻ നാഷനൽ
മ്യൂസിയം സന്ദർശിച്ചപ്പോൾ
റിയാദ്/ജക്കാർത്ത: ഔദ്യോഗിക സന്ദർശനത്തിനായി ഇന്തോനേഷ്യയിലെത്തിയ സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ജക്കാർത്തയിലെ ഇന്തോനേഷ്യൻ നാഷനൽ മ്യൂസിയം സന്ദർശിച്ചു. മ്യൂസിയത്തിലെത്തിയ അദ്ദേഹത്തെ ഇന്തോനേഷ്യൻ സാംസ്കാരിക മന്ത്രി ഡോ. ഫദ്ലി സോൺ, ഇന്തോനേഷ്യൻ പൈതൃക ഏജൻസി പ്രസിഡന്റ് ഇന്ദിര അസ്റ്റിയാൻറി നൂർജാദിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇന്തോനേഷ്യൻ പൈതൃക ഏജൻസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മ്യൂസിയം, തെക്കുകിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണ്. 1868ൽ സ്ഥാപിതമായ ഇത് രാജ്യത്തെ ഏറ്റവും വലുതും പഴക്കമേറിയതുമായ മ്യൂസിയമാണ്. ജക്കാർത്തയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ചരിത്രം, പുരാവസ്തു ഗവേഷണം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ മേഖലകളിലെ വിപുലമായ ശേഖരങ്ങളാൽ സമ്പന്നമാണ്.
ഏകദേശം 1,60,000ത്തോളം അപൂർവ പുരാവസ്തുക്കളാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. മ്യൂസിയത്തിന്റെ മുൻവശത്തെ മുറ്റത്തുള്ള പ്രശസ്തമായ ആന പ്രതിമയുടെ പശ്ചാത്തലത്തിൽ ‘എലിഫൻറ് മ്യൂസിയം’ എന്നും ഇതറിയപ്പെടുന്നു. ഇന്തോനേഷ്യൻ ഭൂപ്രദേശത്തിന്റെ സാംസ്കാരിക വൈവിധ്യവും ചരിത്രപരമായ പരിണാമവും വിളിച്ചോതുന്ന ബൃഹത്തായ ശേഖരങ്ങൾ മന്ത്രി നേരിട്ട് കണ്ടു വിലയിരുത്തി. സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

