ഹദീസ് പഠനരംഗത്ത് സൗദിയുടെ സംഭാവനകൾ മഹത്തരം: ഫൈസൽ മൗലവി പുതുപ്പറമ്പ്
text_fieldsജിദ്ദ അനസ് ബിൻ മാലിക് സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൈസൽ മൗലവി പുതുപ്പറമ്പ് സംസാരിക്കുന്നു
ജിദ്ദ: ഇസ്ലാമിക മൂലപ്രമാണങ്ങളിൽ രണ്ടാമത്തേതായ ഹദീസുകളുടെ പഠനത്തിനും ഗവേഷണത്തിനും സൗദി ഒരുക്കുന്ന സംവിധാനങ്ങളും പ്രോത്സാഹനവും മഹത്തരമാണെന്ന് ജാമിഅ അൽഹിന്ദ് അൽ ഇസ്ലാമിയ്യ ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് പറഞ്ഞു. ഷറഫിയ്യ അനസ് ബിൻ മാലിക് സെൻറർ ഓഡിറ്റോറിയത്തിൽ ‘ആദർശ വിശുദ്ധി; പഠനം പ്രവർത്തനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഖുർആൻ പഠനങ്ങൾക്ക് ധാരാളം സംരംഭങ്ങളുണ്ടെങ്കിലും ഹദീസുകൾക്ക് മാത്രമായ പഠന സംരംഭങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ, ആ മേഖലയിലെ പ്രഥമ സംരംഭമായ ദാറുൽ ഹദീസിലൂടെ തുടക്കക്കാരാകാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസരംഗത്തെ വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് യഥാർത്ഥ വിശ്വാസത്തെ പുൽകാനും പ്രബോധനം ചെയ്ത് ശാശ്വത വിജയം കരസ്ഥമാക്കാനും ശരിയായ സ്രോതസ്സിൽ നിന്നുള്ള ആത്മീയജ്ഞാനം അനിവാര്യമാണ്.
കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ദാറുൽ ഹദീസിലെ പ്രഥമ ബാച്ചിലെ 10 വിദ്യാർത്ഥികളുമായും പ്രധാനാധ്യാപകൻ മുബാറക് ഫൂരിയോടൊപ്പവുമാണ് അദ്ദേഹം സൗദിയിലെത്തിയത്. ജാമിഅ അൽ ഹിന്ദിൽനിന്ന് അഞ്ച് വർഷത്തെ ഡിഗ്രിയും രണ്ട് വർഷത്തെ പി.ജിയും പൂർത്തിയാക്കിയവരാണ് മിക്ക വിദ്യാർത്ഥികളും.
സൗദിയിലെ ഹദീസ് പഠനകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിെൻറ ഭാഗമായുള്ള യാത്രയിൽ, പണ്ഡിതന്മാരുടെ നഗരമായ അൽ ഖസീമിലെ സ്ഥാപനങ്ങളിലേക്ക് കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ക്ഷണം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. അനസ് ബിൻ മാലിക് സെൻറർ മേധാവി ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി (ജെ.ഡി.സി.സി) വൈസ് പ്രസിഡൻറ് അബ്ദുറഷീദ് ചേരൂർ അധ്യക്ഷത വഹിച്ചു.
അനസ് ബിൻ മാലിക് സെൻറർ ദാഇ അബ്ദുറഊഫ് അൽഹികമി ദാറുൽ ഹദീസ് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും വിദ്യാർത്ഥികൾ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. സദസ്യരുടെ സംശയങ്ങൾക്ക് ഫൈസൽ മൗലവി മറുപടി നൽകി. ജിദ്ദ ജാലിയാത് മലയാളവിഭാഗം പ്രബോധകൻ ഉമർകോയ മദീനി അതിഥിയായി പങ്കെടുത്തു. ജെ.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ട്രഷറർ നബീൽ പാലപ്പറ്റ, സെക്രട്ടറിമാരായ റൗനഖ് ഓടക്കൽ, സൽമാനുൽ ഫാരിസ്, റഫീഖ് ഇരിവേറ്റി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എജുക്കേഷൻ വിങ് സെക്രട്ടറി നൗഫൽ പീടിയേക്കൽ സ്വാഗതവും ജോയിൻറ് സെക്രട്ടറി ഇഖ്ബാൽ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

