സൗദിയിൽ ഒരാഴ്ചക്കിടെ 9,169 പ്രവാസി നിയമലംഘകർ അറസ്റ്റിൽ; 13,935 പേരെ നാടുകടത്തി
text_fieldsദമ്മാം: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 9,169 പേരെ ഒരാഴ്ചക്കിടെ അധികൃതർ അറസ്റ്റ് ചെയ്തു. നവംബർ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 4,797 പേർ താമസ നിയമങ്ങളും 1,749 പേർ തൊഴിൽ നിയമങ്ങളും ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 2,623 പേരും പിടിയിലായി. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,373 പേരെയും സൗദിയിൽ നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 21 പേരെയും അതിർത്തി സുരക്ഷാ സേന പിടികൂടി.
നിയമലംഘകർക്ക് യാത്രാസൗകര്യം ഒരുക്കുകയോ താമസിക്കാൻ ഇടം നൽകുകയോ ജോലി നൽകുകയോ ചെയ്ത 23 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, നിയമനടപടികൾ പൂർത്തിയാക്കിയ 13,935 നിയമലംഘകരെ ഒരാഴ്ചയ്ക്കിടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തു. നിലവിൽ 2,105 സ്ത്രീകളടക്കം 38,483 പേർ വിവിധ നിയമനടപടികൾക്ക് വിധേയരായി വരികയാണ്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് പരമാവധി 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടാനും കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്താനും വ്യവസ്ഥയുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിലുള്ളവർ 911 എന്ന ടോൾ ഫ്രീ നമ്പറിലും മറ്റ് മേഖലകളിലുള്ളവർ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

