ഇറാനെ ആക്രമിക്കാൻ സൗദി വ്യോമാതിർത്തി വിട്ടുനൽകില്ല; മേഖലയിൽ നയതന്ത്ര നീക്കങ്ങൾ സജീവം
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
ജിദ്ദ: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതായി റിപ്പോർട്ട്. സൗദി സർക്കാറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയും അൽ അറബിയ ന്യൂസ് പോർട്ടലുമാണ് ഇക്കാര്യം പുറത്തുവിട്ടത്. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെ സൗദിയുടെ ഈ നിലപാട് നിർണായകമാണ്.
ഇറാനെതിരായ നീക്കങ്ങൾ അമേരിക്ക സജീവമായി പരിഗണിക്കുന്നതിനിടെ, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അയൽരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് സൗദി മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി അമീർ ഫൈസൽ ബിൻ ഫർഹാൻ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി എന്നിവരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ മേഖലയിലെ സൈനിക ചലനങ്ങൾ ലോകം ഉറ്റുനോക്കുകയാണ്. ഇതിനിടെ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽനിന്ന് അമേരിക്ക ചില ഉദ്യോഗസ്ഥരെ പിൻവലിച്ചു തുടങ്ങിയെന്ന വാർത്തകൾ പുറത്തുവന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യു.എസ് താവളമാണ് ഖത്തറിലേത്. മേഖലയിൽ ഒരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നിലവിൽ നയതന്ത്ര നീക്കങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

