ഒട്ടകങ്ങളെ ഇനി തോന്നുംപടി വിൽക്കാനാകില്ല; സൗദിയിൽ പുതിയ നിയമങ്ങൾ
text_fieldsറിയാദ്: ഒട്ടക വ്യാപാരം, വാങ്ങൽ, വിൽക്കൽ, വാടകയ്ക്ക് നൽകൽ, പരസ്പര കൈമാറ്റം, താൽക്കാലിക ലേലങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ വ്യവസ്ഥകൾ നിശ്ചയിച്ച് സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. ഈ മേഖലയിലെ ഇടപാടുകൾ ക്രമീകരിക്കാനും, ഉടമകളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഉടമസ്ഥാവകാശം രേഖപ്പെടുത്തുന്നത് ശക്തിപ്പെടുത്താനും ആരോഗ്യ-ജൈവസുരക്ഷാ മാനദണ്ഡങ്ങളും മൃഗങ്ങളോടുള്ള കാരുണ്യവും ഉറപ്പാക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്. ഈ വ്യവസ്ഥകൾ ഒട്ടക കൈമാറ്റത്തിന് സമഗ്രമായ ഒരു സംവിധാനം രൂപീകരിക്കുന്നു. ഇത് വാണിജ്യ ഇടപാടുകളും ഉടമസ്ഥാവകാശവും രേഖപ്പെടുത്തുന്നതിലും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിലും ഊന്നിയുള്ളതാണ്. അതുവഴി രേഖകളുടെയും ഡാറ്റയുടെയും വിശ്വാസ്യത വർധിപ്പിക്കാനും അനൗദ്യോഗിക രീതികൾ തടയാനും സാധിക്കും.
വിൽപനക്കുള്ള വ്യവസ്ഥകൾ: കരാറിന്റെ സാധുത, ഒട്ടകങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ, വില നിശ്ചയിക്കൽ എന്നിവയുൾപ്പെടെയുള്ള വ്യക്തമായ ആവശ്യകതകൾ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഉടമസ്ഥാവകാശമാറ്റ നടപടികൾ പൂർത്തിയാക്കാനും ഒട്ടകങ്ങളെ ധാരണയായ അവസ്ഥയിൽ കൈമാറാനും അവയുടെ ആരോഗ്യനിലയും അവയുമായി ബന്ധപ്പെട്ട മറ്റ് ബാധ്യതകളും വെളിപ്പെടുത്താൻ വിൽപ്പനക്കാരൻ ബാധ്യസ്ഥനാണെന്നത് വിൽനക്കുള്ള വ്യവസ്ഥകളിലുൾപ്പെടും. എന്നാൽ സമ്മതിച്ച തുക നൽകാനും ഒട്ടകങ്ങൾ ഏറ്റെടുക്കാനും വാങ്ങുന്നയാൾ ബാധ്യസ്ഥനാണ്. വൈദ്യസഹായം, പരിശോധനകൾ, വാക്സിനേഷനുകൾ, കൊണ്ടുപോകൽ, രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകളും പാലിക്കാനും വാങ്ങുന്ന ആൾ ബാധ്യസ്ഥനാണ്. ഒട്ടകങ്ങളുടെ വാങ്ങൽ, വിൽപന, കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ ചട്ടങ്ങൾ ബാധകമാണ്. താൽക്കാലിക ഒട്ടക ലേലങ്ങൾ നടത്തുന്നതിനുള്ള ചട്ടങ്ങളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലേലം നടത്തുന്നവർ ഒട്ടകങ്ങളുടെ വിവരങ്ങൾ, വിൽപ്പനക്കാരുടെയും വാങ്ങുന്നക്കാരുടെയും വിവരങ്ങൾ, വില, പണം നൽകിയ രീതികൾ എന്നിവ രേഖപ്പെടുത്തണമെന്നും നിബന്ധനകൾക്കനുസൃതമായി ഉടമസ്ഥാവകാശമാറ്റ നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.
ക്ഷീണമോ രോഗലക്ഷണങ്ങളോ പ്രകടമാകുന്ന ഒട്ടകങ്ങളെയും അംഗീകൃത വാക്സിനേഷൻ പദ്ധതികൾ പൂർത്തിയാക്കാത്ത ഒട്ടകങ്ങളെയും പ്രദർശിപ്പിക്കുന്നതോ വിൽക്കുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ കന്നുകാലി ഗതാഗതച്ചട്ടങ്ങളും നിരീക്ഷണ വ്യവസ്ഥകളും കർശനമായി പാലിക്കേണ്ടതുണ്ട്. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒട്ടകങ്ങളെ കൊണ്ടുപോകുന്നത് കാർഷിക നിയമത്തിന്റെയും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെയും അടിസ്ഥാനത്തിൽ പിഴ ഈടാക്കാവുന്ന കുറ്റകരമായ ലംഘനമാണ്. വിപണികൾ, പ്രദർശനങ്ങൾ, ലേലങ്ങൾ എന്നിവയ്ക്കുള്ളിൽ ഒട്ടകങ്ങളോട് പെരുമാറേണ്ട രീതികളെക്കുറിച്ചും ഈ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്.
അവയെ പ്രകോപിപ്പിക്കുന്നതോ അസ്വസ്ഥത ഉണ്ടാക്കുന്നതോ ആയ കാര്യങ്ങൾ നിരോധിച്ചിരിക്കുന്നു. കൂടാതെ, ഒട്ടകങ്ങൾക്ക് ചുറ്റും മതിയായ അകലം പാലിക്കണമെന്നും പ്രദർശന സ്ഥലങ്ങളുടെ ശുചിത്വം സംരക്ഷിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. മൃഗങ്ങളോടുള്ള ക്രൂരതയോ മോശം പെരുമാറ്റമോ ശ്രദ്ധയിൽ പെട്ടാൽ, മന്ത്രാലയത്തിന്റെ അംഗീകൃത മാർഗങ്ങളിലൂടെ അത് റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ട്. നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

