ചെങ്കടലിെൻറ ആഴങ്ങളിൽ വിപുലമായ പഠനം: അഞ്ച് വർഷം കൊണ്ട് 70,000 കിലോമീറ്റർ സർവേ പൂർത്തിയാക്കി സൗദി അറേബ്യ
text_fieldsറിയാദ്: സൗദി അറേബ്യയുടെ സമുദ്ര മേഖലയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗവേഷണ പദ്ധതികളിലൊന്നായ ‘ചെങ്കടൽ പര്യവേക്ഷണ ദശകത്തിെൻറ യാത്ര’ വിജയകരമായി മുന്നേറുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചെങ്കടലിലുടനീളം 70,000 കിലോമീറ്ററിലധികം ദൂരം സമുദ്ര സർവേ നടത്തുകയും 14 പ്രധാന ശാസ്ത്രീയ കണ്ടെത്തലുകൾ പൂർത്തിയാക്കുകയും ചെയ്തതായി സൗദി ദേശീയ വന്യജീവി കേന്ദ്രം വ്യക്തമാക്കി.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കടലിലെ ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര പ്രകൃതിവിഭവ മാനേജ്‌മെന്റും ഉറപ്പാക്കാനാണ് ഈ വിപുലമായ ദൗത്യത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. ചെങ്കടലിലെ സമുദ്ര പരിസ്ഥിതിയെക്കുറിച്ചും അതിെൻറ സ്വാഭാവിക ഘടകങ്ങളെക്കുറിച്ചുമുള്ള അപൂർവ്വങ്ങളായ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാനും സമുദ്രത്തിെൻറ ആഴങ്ങളിലേക്ക് വെളിച്ചം വീശാനും ഈ പഠനത്തിന് സാധിച്ചിട്ടുണ്ട്.
കടലിെൻറ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വൈവിധ്യത്തെ വെളിപ്പെടുത്തുന്ന 14 പ്രധാന കണ്ടെത്തലുകളാണ് പദ്ധതിയുടെ ഭാഗമായി നടന്നത്. കടലിനടിയിലെ ആഴമേറിയ കുഴികളായ നീലദ്വാരങ്ങൾ, വളയ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാധാരണ രീതിയിൽ മനുഷ്യർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ആഴക്കടൽ മേഖലകളെക്കുറിച്ച് പഠിക്കാൻ ഈ പദ്ധതി വലിയ അവസരമൊരുക്കി. സമുദ്രത്തിെൻറ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഗവേഷകർ പ്രയോജനപ്പെടുത്തിയത്.
500 മീറ്റർ വരെ ആഴത്തിൽ മനുഷ്യർ സഞ്ചരിക്കുന്ന അന്തർവാഹിനികൾ ഉപയോഗിച്ച് 44 ഡൈവിങ് യാത്രകളും, 2,300 മീറ്റർ വരെ ആഴത്തിൽ എത്തിച്ചേരുന്ന റിമോട്ട് കൺട്രോൾ വാഹനങ്ങൾ ഉപയോഗിച്ച് 131 ശാസ്ത്രീയ ദൗത്യങ്ങളും ഇക്കാലയളവിൽ പൂർത്തിയാക്കി. ഈ പര്യവേഷണത്തിനിടയിൽ പരമാവധി 2,752 മീറ്റർ വരെ ആഴത്തിൽ എത്തിച്ചേരാൻ സാധിച്ചത് ചെങ്കടലിലെ ആഴക്കടൽ പരിസ്ഥിതി പഠനത്തിൽ ചരിത്രപരമായ നേട്ടമായി മാറി.
വിവിധ ശാസ്ത്രശാഖകളിൽ നിന്നായി 135-ലധികം ഗവേഷകരാണ് ഈ വലിയ ദൗത്യത്തിൽ അണിനിരന്നത്. ഇവർ കടലിലെ ആവാസവ്യവസ്ഥകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കടൽജീവികളുടെ സംരക്ഷണവും അവയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനും ആവശ്യമായ ശക്തമായ വിജ്ഞാന അടിത്തറ കെട്ടിപ്പടുക്കാൻ ഇതിലൂടെ കഴിഞ്ഞു. സമുദ്ര സംരക്ഷണത്തിലും ഗവേഷണ രംഗത്തും സൗദി അറേബ്യ നടത്തുന്ന പ്രമുഖ സംരംഭങ്ങളിൽ ഒന്നായി ഈ പദ്ധതി മാറിയെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

