ഹദർ മൗത്തിൽ സൗദി സഹായവിതരണം
text_fieldsയമനിലെ ഹദർ മൗത്തിലേക്കുള്ള സൗദി അറേബ്യയുടെ സഹായവസ്തുക്കളുമായി ട്രക്കുകൾ
നീങ്ങുന്നു
റിയാദ്: യമനിലെ ഹദർ മൗത്തിൽ കിങ് സൽമാൻ റിലീഫ് കേന്ദ്രവുമായി ഏകോപിപ്പിച്ച് മാനുഷിക സഹായ വിതരണം ആരംഭിച്ചതായി യമനിലെ സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു.
ആകെയുള്ള 70 ട്രക്കുകളിൽ ഏകദേശം 20 എണ്ണം ഇതിനകം പ്രവിശ്യയിലേക്ക് കടന്നിട്ടുണ്ട്. ഈ ദുരിതാശ്വാസ ട്രക്കുകളിൽ ഏകദേശം 1,474 ടൺ ഭക്ഷണവും പാർപ്പിട സാമഗ്രികളും അടങ്ങിയിരിക്കുന്നു. അവ ഹദർ മൗത്തിലെ ഏകദേശം 9,961 കുടുംബങ്ങൾക്ക് വിതരണം ചെയ്യുമെന്ന് വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കിങ് സൽമാൻ റിലീഫ് കേന്ദ്രം 1400 ടണ്ണിലധികം ഭാരമുള്ള ഭക്ഷണ കിറ്റുകൾ, ഈത്തപ്പഴം, ഷെൽട്ടർ ബാഗുകൾ, ടെന്റുകൾ എന്നിവ വഹിച്ചുകൊണ്ട് 70 ദുരിതാശ്വാസ ട്രക്കുകൾ അൽ വാദിയ അതിർത്തി വഴി യമനിലേക്ക് അയച്ചത്.
ആരോഗ്യം, ശുചിത്വം, ജലം, കൃഷി, വിദ്യാഭ്യാസം, കമ്യൂണിറ്റി സഹായം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി എല്ലാ യമൻ ഗവർണറേറ്റുകളിലും കേന്ദ്രത്തിന്റെ പദ്ധതികൾ തുടരുകയാണ്. ഈ സഹായം കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി യമൻ ജനതക്ക് സൗദി നൽകുന്ന ദുരിതാശ്വാസ, മാനുഷിക ശ്രമങ്ങളുടെ ഒരു വിപുലീകരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

