അപകടസാധ്യതയുള്ള ജോലികളിൽ സുരക്ഷ ഉറപ്പാക്കണം
text_fieldsസൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി
റിയാദ്: ഉയർന്ന അപകടസാധ്യതയുള്ള തൊഴിലുകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഏർപ്പെടുത്തുന്ന നിയമാവലി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രിയും നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ചെയർമാനുമായ എൻജി. അഹമ്മദ് അൽറാജ്ഹി പുറത്തിറക്കി. ഇത്തരം തൊഴിലുകളെ പ്രത്യേക പട്ടികയിൽപ്പെടുത്തുന്നതിനും ലൈസൻസിങ്ങിനും ഒരു സംയോജിത നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുക, തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യം, സാങ്കേതികം, അറിവ്, വൈദഗ്ധ്യം എന്നിവ ഉറപ്പുവരുത്തുക എന്നിവയാണ് പുതിയ നിയമാവലി ആവശ്യപ്പെടുന്നത്.
തൊഴിലെടുക്കുന്നതിനിടയിലുണ്ടാവുന്ന പരിക്കുകളും തൊഴിൽജന്യ രോഗങ്ങളും കുറയ്ക്കുന്നതിനും തൊഴിൽ വിപണിയിൽ തൊഴിൽ സുരക്ഷയും ആരോഗ്യ നിലവാരവും ഉയർത്തുന്നതിനും ഇത് സഹായകമാകും. രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ, തൊഴിലുടമകൾ, ജീവനക്കാർ എന്നിവരുടെ ഉത്തരവാദിത്തങ്ങളും പരിശീലനം, യോഗ്യത, നിരീക്ഷണം, തുടർനടപടികൾ എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഈ നിയമാവലിയിൽ നിർവചിച്ചിരിക്കുന്നു.
ഉയർന്ന അപകടസാധ്യതയുള്ള തൊഴിലുകളിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും മുഴുവൻസമയമോ പാർട്ട് ടൈമായോ ജോലി ചെയ്യുന്ന സ്ഥിരമോ കരാറടിസ്ഥാനത്തിലോ ഉള്ള സ്വദേശികളും വിദേശികളുമായ എല്ലാ ജീവനക്കാർക്കും ഈ നിയന്ത്രണം ബാധകമാണ്. ഉത്തരവാദപ്പെട്ടവരെ പിന്തുണയ്ക്കുന്നതിനും പ്രതിരോധ നിരീക്ഷണം വർധിപ്പിക്കുന്നതിനുമായി സമഗ്രമായ ആരോഗ്യ ഡാറ്റാബേസുകൾ സ്ഥാപിക്കുന്നതും ഇതിലുൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

