2030ൽ റോബോട്ടിക്സ്, സാറ്റലൈറ്റ് വ്യവസായങ്ങൾക്കാവും മുഖ്യ പരിഗണന -സൗദി വ്യവസായ മന്ത്രി
text_fieldsറിയാദിൽ യു.എൻ വ്യാവസായിക വികസന സമ്മേളനത്തിൽ സൗദി വ്യവസായ,
ധാതുവിഭവ മന്ത്രി ബന്ദർ ഖുറൈഫ് സംസാരിക്കുന്നു
റിയാദ്: 2030 ആകുമ്പോഴേക്കും റോബോട്ടിക്സ്, ഉപഗ്രഹങ്ങൾ, ഊർജ സംഭരണം തുടങ്ങിയ പുതിയ വ്യവസായ മേഖലകൾക്കാകും മുഖ്യ പരിഗണനയെന്നും അതിനായി വഴിയൊരുക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നുവെന്നും വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ ഖുറൈഫ് പറഞ്ഞു. റിയാദിൽ യു.എൻ വ്യവസായിക വികസന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. 2035 ആകുമ്പോഴേക്കും 30,000 ഫാക്ടറികൾ ഉൾക്കൊള്ളുന്ന ഒരു വ്യവസായിക അടിത്തറ സ്ഥാപിക്കുക എന്നതും മന്ത്രാലയത്തിെൻറ ലക്ഷ്യമാണ്.
എണ്ണയിതര ആഭ്യന്തര ഉൽപാദന വരുമാനത്തിലേക്ക് സംഭാവന നൽകുകയും 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ഓട്ടോമേറ്റഡ് മേഖല സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിപഥത്തിലാണ് മന്ത്രാലയം ഇപ്പോൾ. കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ ഉൾപ്പെടെ നിരവധി മേഖലകളിലായി 800ലധികം വ്യവസായിക അവസരങ്ങൾ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. വ്യവസായിക മേഖല വികസിപ്പിക്കുന്നതിനും വളർച്ച കൈവരിക്കുന്നതിനുമുള്ള വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലാണ് മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ വ്യവസായിക വികസന സംഘടനയുമായി ഇതിന് പങ്കാളിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യം ആഗോളതലത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിശീലന നയങ്ങളെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ എണ്ണ, ധാതുക്കൾ, വാതകം എന്നിവയുടെ വിഭവങ്ങൾ പരമാവധിയാക്കുന്നതിന് ദേശീയ വ്യവസായവത്കരണ പദ്ധതി സംഭാവന ചെയ്യുന്നുവെന്നും ആഗോള വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

