റിയാദ് സലഫി മദ്റസ ആർട്ട് ഫെസ്റ്റ് ‘മെഹ്ഫിൽ 2K26’ വെള്ളിയാഴ്ച
text_fieldsറിയാദ് സലഫി മദ്റസ ആർട്ട് ഫെസ്റ്റ് സംബന്ധിച്ച് സംഘാടകർ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: തലസ്ഥാന നഗരിയിലെ പ്രമുഖ മതവിദ്യാഭ്യാസ സ്ഥാപനമായ റിയാദ് സലഫി മദ്റസ സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റ് ‘മെഹ്ഫിൽ 2K26’ ഈ വരുന്ന വെള്ളിയാഴ്ച അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മൂന്നരപ്പതിറ്റാണ്ടിലേറെയായി ബത്ഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദ്റസ, ചെറിയൊരു ഇടവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ഈ കലാമേളക്കായി വിപുലമായ ഒരുക്കമാണ് പൂർത്തിയായിരിക്കുന്നത്.
സമൂഹത്തിൽ നിലനിൽക്കുന്ന അധാർമികതകൾക്കെതിരെയുള്ള ‘തൗഹീദി വിളംബരം’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മുതൽ പരിപാടി ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ റിയാദിലെ മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രമുഖ വാഗ്മി ഉനൈസ് പാപിനിശ്ശേരി ‘നമ്മുടെ മക്കൾ, നാം അറിയേണ്ടത്’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
കേരള നദ്വത്തുൽ മുജാഹിദീൻ മദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. മുന്നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് മെഹ്ഫിലിെൻറ മുഖ്യ ആകർഷണം. വട്ടപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, സൗദി കൾച്ചറൽ ഡാൻസ്, ടേബിൾ കൊളോക്കിയം തുടങ്ങിയ പരിപാടികൾ അരങ്ങേറും.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ 1992-ൽ ആരംഭിച്ച സലഫിമദ്റസയിൽ നിന്ന് ഇതിനകം 5,000-ത്തിലധികം വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങളോടെ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയും, കൗമാരക്കാർക്കായി പ്രത്യേക മതപഠന ക്ലാസുകളും ഇവിടെ നടന്നുവരുന്നു. വാർത്താസമ്മേളനത്തിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, വൈസ് പ്രസിഡൻറ് നൗഷാദ് അലി കോഴിക്കോട്, ട്രഷറർ അബ്ദുസ്സലാം ബുസ്താനി, സലഫി മദ്രസ പ്രിൻസിപ്പൽ അംജദ് അൻവാരി, മദ്രസ മാനേജർ അബ്ദു വഹാബ് പാലത്തിങ്കൽ, ഫൈസൽ കുനിയിൽ, ഇഖ്ബാൽ വേങ്ങര, പി.ടി.എ പ്രസിഡൻറ് മഹ്റൂഫ്, ട്രഷറർ നൗഫൽ കുനിയിൽ, മെഹ്ഫിൽ കൺവീനർ ഫർഹാൻ കാരക്കുന്ന്, സ്റ്റാഫ് സെക്രട്ടറി ബാസിൽ പുളിക്കൽ, നിസാർ അരീക്കോട്, സിബ്ഗത്തുല്ല തെയ്യാല, അസീൽ പുളിക്കൽ, വാജിദ് ചെറുമുക്ക്, ഇസ്മാഈൽ മമ്പുറം, വാജിദ് കരിപ്പൂർ, മുജീബ് ഒതായി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

