റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വർഷത്തിലേക്ക്
text_fieldsറിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷ പദ്ധതി അംഗത്വ കാമ്പയിൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, റസാഖ് വളക്കൈക്ക് അപേക്ഷ ഫോമുകൾ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിവരുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വർഷത്തിലേക്ക് കടന്നു. 2026-27 വർഷത്തെ അംഗത്വ പ്രചരണ കാമ്പയിെൻറ ഉദ്ഘാടനം ബത്ഹ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, റസാഖ് വളക്കൈക്ക് അപേക്ഷ ഫോമുകൾ കൈമാറി നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സുരക്ഷ പദ്ധതി കൺവീനർ സിറാജ് മേടപ്പിൽ കാമ്പയിൻ കാല പ്രവർത്തനങ്ങളെക്കുറിച്ചും പി.സി. മജീദ് പദ്ധതിയുടെ പുതിയ വെബ്സൈറ്റിനെക്കുറിച്ചും വിശദീകരിച്ചു.
ആഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ 30 വരെയാണ് കാമ്പയിൻ. റിയാദിൽ ജോലി ചെയ്യുന്ന 18 മുതൽ 60 വയസ്സുവരെയുള്ള പ്രവാസികൾക്കാണ് പദ്ധതിയിൽ പുതുതായി അംഗത്വം എടുക്കാൻ സാധിക്കുക. കൂടാതെ പ്രവാസിയായിരിക്കെ റിയാദിൽ നിന്ന് അംഗത്വമെടുത്ത് നിലവിൽ നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കും അംഗത്വം പുതുക്കാനുള്ള സൗകര്യവുമുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾക്ക് തണലാകാൻ ഈ സുരക്ഷ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. മരിച്ച 50-ലധികം പ്രവാസികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അഞ്ച് കോടിയിലധികം രൂപ ഇതിനോടകം നൽകിക്കഴിഞ്ഞു. കൂടാതെ 40 ലക്ഷത്തോളം രൂപയുടെ ചികിത്സാ സഹായവും വിതരണം ചെയ്തു. നടപ്പുവർഷത്തിൽ മാത്രം മരിച്ച 13 പേരുടെ കുടുംബങ്ങൾക്ക് 1.30 കോടി രൂപ നൽകി. ഇതിൽ എട്ട് കുടുംബങ്ങൾക്കുള്ള തുക കഴിഞ്ഞ ഒരാഴ്ച മുമ്പ് പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് കൈമാറിയത്. പദ്ധതിയിൽ അംഗങ്ങളായിരിക്കെ കാൻസർ, കിഡ്നി രോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ പിടിപെടുന്നവർക്കാണ് ചികിത്സാ സഹായം നൽകുന്നത്.
സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, നജീബ് നെല്ലാംങ്കണ്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

