അരുണിമ പടർത്തിയ ചരിത്രഗാഥ; ‘റെഡ് പാലസ്’ ഇനി ആഡംബര പൈതൃക ഹോട്ടൽ
text_fieldsെറഡ് പാലസ്
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അൽ ഫുത്ത/അൽ മുറബ്ബ മേഖലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ (അൽ ഖസർ അൽ അഹ്മർ) ഒരു ആഡംബര പൈതൃക ഹോട്ടലായി മാറുകയാണ്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി പൊതു നിക്ഷേപ നിധിയുടെ (പി.െഎ.എഫ്) കീഴിലുള്ള ‘ബൂട്ടിക് ഗ്രൂപ്പ്’ ആണ് ഈ ചരിത്ര മന്ദിരത്തെ ആധുനിക സൗകര്യങ്ങളോടെ പുനരുദ്ധരിക്കുന്നത്. റിയാദിെൻറ രാഷ്ട്രീയത്തിലും വാസ്തുവിദ്യയിലും വൻ മാറ്റങ്ങൾ കുറിച്ച ഈ കൊട്ടാരത്തിെൻറ ഓരോ ഘട്ടങ്ങളും വിശദമായി അറിയാം.
നിമിത്തമായത് ഒരു തീപിടിത്തം
1943-ൽ അന്നത്തെ കിരീടാവകാശിയായിരുന്ന സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ താമസിച്ചിരുന്ന പരമ്പരാഗത മൺകൊട്ടാരം ഒരു തീപിടിത്തത്തിൽ പൂർണമായി നശിച്ചു. തുടർന്ന്, മകനായി കൂടുതൽ സുരക്ഷിതമായ ഒരു പുതിയ കൊട്ടാരം പണിയാൻ സൗദി അറേബ്യയുടെ രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് ഉത്തരവിട്ടു.
പ്രമുഖ കരാറുകാരനായ മുഹമ്മദ് ബിൻ ലാദെൻറ മേൽനോട്ടത്തിൽ 1948-ലാണ് ഇതിെൻറ നിർമാണം പൂർത്തിയായത്. റിയാദ് നഗരത്തിൽ കമ്പിയും സിമൻറും ഉപയോഗിച്ച് നിർമിച്ച ഏറ്റവും ആദ്യത്തെ കെട്ടിടം എന്ന അപൂർവ ചരിത്രനേട്ടം റെഡ് പാലസിന് സ്വന്തമാണ്. സഊദ് രാജകുമാരൻ വിദേശ യാത്രകളിൽ കണ്ട് ഇഷ്ടപ്പെട്ട യൂറോപ്യൻ വാസ്തുവിദ്യാ ശൈലിയും ആർട്ട് ഡെക്കോ രീതികളും സൗദിയുടെ പരമ്പരാഗത ഡിസൈനുകളും സമന്വയിപ്പിച്ചാണ് ഇത് പണിതത്. കെട്ടിടത്തിെൻറ ഭിത്തികൾക്ക് നൽകിയ ചുവപ്പുകലർന്ന പ്ലാസ്റ്റർ ഭംഗിയാണ് ഇതിന് ‘റെഡ് പാലസ്’ അല്ലെങ്കിൽ ‘അൽ ഖസർ അൽ അഹ്മർ’ എന്ന പേര് നൽകിയത്.
രാജകൊട്ടാരവും ഭരണകേന്ദ്രവും
പൂർത്തിയായ കാലം മുതൽ സഊദ് രാജകുമാരെൻറ ഔദ്യോഗിക വസതിയും ഓഫീസുമായിരുന്നു ഈ കൊട്ടാരം. 1953-ൽ അബ്ദുൽ അസീസ് രാജാവിെൻറ മരണശേഷം സഊദ് രാജകുമാരൻ ഭരണമേറ്റെടുത്തതോടെ ഈ കൊട്ടാരം രാജ്യത്തിെൻറ പ്രധാന ഭരണകേന്ദ്രമായി മാറി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാജാക്കന്മാരും പ്രധാനമന്ത്രിമാരും വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത് സൗദി അറേബ്യയുടെ ഭാവി തീരുമാനിച്ച നിരവധി രാജ്യാന്തര ചർച്ചകൾക്ക് ഈ കൊട്ടാരം വേദിയായി.
32 വർഷം മന്ത്രിസഭാ ആസ്ഥാനം
1956-ൽ സഊദ് രാജാവ് തെൻറ വസതി അൽ നസറിയ കൊട്ടാരത്തിലേക്ക് മാറ്റി. തുടർന്ന് റെഡ് പാലസിനെ സൗദി അറേബ്യൻ മന്ത്രിസഭയുടെ ഔദ്യോഗിക ആസ്ഥാനമാക്കി പ്രഖ്യാപിച്ചു. അടുത്ത 32 വർഷക്കാലം, സഊദ് രാജാവ്, ഫൈസൽ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ് എന്നീ നാല് ഭരണാധികാരികളുടെ കാലത്ത്, സൗദി അറേബ്യയുടെ ആഭ്യന്തര നയങ്ങളും സാമ്പത്തിക വളർച്ചയും വിദേശബന്ധങ്ങളും തീരുമാനിച്ച സുപ്രധാന മന്ത്രിസഭാ യോഗങ്ങളെല്ലാം നടന്നത് ഈ റെഡ് പാലസിനുള്ളിലായിരുന്നു.
കോടതിയും സാംസ്കാരിക കേന്ദ്രവും
1988-ൽ മന്ത്രിസഭാ ആസ്ഥാനം അൽ യമാമ കൊട്ടാരത്തിലേക്ക് മാറ്റിയപ്പോൾ, റെഡ് പാലസ് രാജ്യത്തെ പ്രധാന ഭരണനിർവഹണ കോടതിയായ ‘ബോർഡ് ഓഫ് ഗ്രീവൻസസിെൻറ’ (ദീവാൻ അൽ മസാലിം) ഓഫീസായി മാറി. രണ്ടായിരത്തിെൻറ തുടക്കം വരെ കോടതിയായി പ്രവർത്തിച്ച ഈ കെട്ടിടം പിന്നീട് അടച്ചിട്ടു.
തുടർന്ന് 2019-ൽ സൗദി സാംസ്കാരിക മന്ത്രാലയം ഇവിടെ ഒരു വലിയ കലാപ്രദർശനം സംഘടിപ്പിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം പൊതുജനങ്ങൾക്ക് ഈ ചരിത്ര കൊട്ടാരത്തിെൻറ ഉള്ളിലേക്ക് പ്രവേശിക്കാനും സൗദിയുടെ രാഷ്ട്രീയ ചരിത്രശേഷിപ്പുകൾ നേരിട്ട് കാണാനും ഇതിലൂടെ അവസരം ലഭിച്ചു.
പഴമയിൽ പുതിയൊരു പൈതൃക ഹോട്ടൽ
സൗദി അറേബ്യയുടെ ചരിത്രത്തിലെ ഈ സുപ്രധാന കേന്ദ്രത്തെ വരുംതലമുറയ്ക്കായി സംരക്ഷിക്കുകയാണ് ‘വിഷൻ 2030’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊട്ടാരത്തിെൻറ പഴമയും ചരിത്രപരമായ പള്ളിയും വാസ്തുവിദ്യാ ഭംഗിയും ഒട്ടും ചോർന്നുപോകാതെ തന്നെ, ലോകോത്തര നിലവാരമുള്ള ഒരു ബൂട്ടിക് പൈതൃക ഹോട്ടലായി ഇതിനെ മാറ്റുന്ന പ്രവർത്തനങ്ങൾ നിലവിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

