സൗദിയിൽ 1,200 വലിയ സമുദ്രജീവികൾ; 84,500ൽ അധികം കടൽപ്പക്ഷികൾ
text_fieldsനാഷനൽ സെന്റർ ഓഫ് വൈൽഡ് ലൈഫ് സമുദ്രപഠന നിരീക്ഷണത്തിൽ പുറത്തുവിട്ട ദൃശ്യങ്ങൾ
യാംബു: സൗദിയിൽ സമുദ്രജീവികളെ സംരക്ഷിക്കുന്നത്തിനും അവയുടെ എണ്ണം വർധിപ്പിക്കുന്നതിനും ശ്രദ്ധേയമായ നേട്ടങ്ങളുമായി നാഷനൽ സെന്റർ ഓഫ് വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യൂ). അന്യംനിന്നു പോയേക്കാവുന്ന സമുദ്രത്തിലെ വലിയ സമുദ്ര ജീവികളെയും കടൽ പക്ഷികളെയും അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കി സംരക്ഷിക്കാനാണ് വൈൽഡ് ലൈഫ് അതോറിറ്റി ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഈ വർഷം സൗദിയിലെ സമുദ്രഭാഗത്ത് പഠനഗവേഷണത്തിനും 'ഫീൽഡ് മോണിറ്ററിംഗ് പ്രോഗ്രാമി' നും തുടക്കം കുറിച്ചു. 1200 ൽ അധികം വലിയ സമുദ്ര ജീവികളും 84,000 ൽ അധികം കടൽപ്പക്ഷികളുമാണ് പഠനത്തിന്റെ ആദ്യ റിപ്പോർട്ടായി എൻ.സി.ഡബ്ല്യൂ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വൈവിധ്യങ്ങൾ നിറഞ്ഞ കടൽജീവികളുടെയും കടൽപക്ഷികളുടെയും വർണാഭമായ ദൃശ്യങ്ങളും എൻ.സി.ഡബ്ല്യൂ കേന്ദ്ര ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്.
അറേബ്യൻ ഗൾഫിന്റെ കിഴക്കൻ തീരത്ത് 50,300 ൽ അധികം പക്ഷികളും ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്ത് 63 ഇനങ്ങളിലുള്ള 34,100 ൽ അധികം പക്ഷികളും ഉൾപ്പെടെ 84,500 ൽ അധികം കടൽപക്ഷികളുടെ ചില അപൂർവ ദൃശ്യങ്ങൾ ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗവേഷകരുടെ ശ്രമങ്ങളുടെ ഫലമായി പക്ഷികളുടെ 39 പ്രധാന ദേശാടന, പ്രജനന കേന്ദ്രങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു. അവയിൽ അഞ്ചു കേന്ദ്രങ്ങൾ പക്ഷികൾക്കും ജൈവവൈവിധ്യത്തിനുമുള്ള പ്രധാനപ്പെട്ട സംരക്ഷിത തീരദേശ, സമുദ്ര മേഖലകളായി ബോർഡ് ലൈഫ് ഇന്റർനാഷനൽ അംഗീകരിച്ചിട്ടുള്ളതായി അതോറിറ്റി അറിയിച്ചു. രാജ്യത്തെ ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുമുള്ള ദേശീയശ്രമങ്ങളുടെ വിജയത്തിന്റെ തെളിവാണിത്.
രാജ്യത്തിന്റെ കിഴക്കൻ കടൽ തീരങ്ങളിൽ 159 എണ്ണവും പടിഞ്ഞാറൻ തീരങ്ങളിൽ 1,000 ത്തിലധികവും ഉൾപ്പെടെ 1,200 ലധികം വലിയ സമുദ്രജീവികളുടെ അസാധാരണമായ കാഴ്ചകളും നിരീക്ഷണ പ്രോഗ്രാമിലൂടെ അധികൃതർ വെളിപ്പെടുത്തി. സമുദ്ര ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഫലപ്രാപ്തിയെ ഇത് സ്ഥിരീകരിക്കുന്നു.
പരിസ്ഥിതി വിഭവങ്ങളുടെ സംയോജിതവും സുസ്ഥിരവുമായ നിലനിൽപ്പിനായി വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാനും ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് എൻ.സി.ഡബ്ല്യൂ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പുതുതലമുറക്ക് പരിസ്ഥിതി അവബോധം വളർത്തുന്നതിന് വേണ്ട വൈവിധ്യമാർന്ന പ്രോഗ്രാമുകളും ഒരുക്കുന്നുണ്ട് .സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സമുദ്ര, തീരദേശ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളെയാണ് 'ഫീൽഡ് മോണിറ്ററിംഗ് പ്രോഗ്രാം' പിന്തുണക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

