യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമപ്രവർത്തനം അഭിനന്ദനാർഹം; ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ
text_fieldsഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീലിനുള്ള ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സ്നേഹോപഹാരം
കബീർ കൊണ്ടോട്ടി കൈമാറുന്നു.
ജിദ്ദ: യാഥാർത്ഥ്യത്തിലൂന്നിയതും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ പറഞ്ഞു.
മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്ന കോൺസലിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം (ജി.ഐ.എം.എഫ്) ഒരുക്കിയ സ്നേഹ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയ ഫോറത്തിന്റെ പ്രവർത്തനങ്ങളെയും ഹജ്ജ് സമയത്തെ സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു.
'കോഫീ വിത്ത് കോൺസൽ' എന്ന പേരിൽ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി. പഠന കാലം മുതൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചതിന് ശേഷമുള്ളതുമായ തന്റെ ജീവിതാനുഭവങ്ങൾ കോൺസൽ മാധ്യമ പ്രവർത്തകരുമായി സംവദിച്ചു.
ദുബായ് ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ കൺസൽട്ടന്റായി പ്രവർത്തിക്കുന്ന ഭാര്യ എൻജിനീയർ ബിസ്മിത സുൽത്താനയും ചടങ്ങിൽ പങ്കെടുത്തു. തന്റെ ജീവിത അനുഭവങ്ങൾ പങ്കുവെച്ചതിനൊപ്പം ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനമേകുന്ന വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശങ്ങളും അവർ നൽകി.
ചടങ്ങിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി കോൺസലിന് ഫോറത്തിന്റെ സ്നേഹോപഹാരം കൈമാറി ആദരിച്ചു. മാധ്യമ പ്രവർത്തകരായ ഹസ്സൻ ചെറുപ്പ, ജലീൽ കണ്ണമംഗലം, സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, ഗഫൂർ കൊണ്ടോട്ടി, സാബിത് സലീം എന്നിവരും അനുപമ ബിജു, ഷബ്‌ന കബീർ എന്നിവരും ചടങ്ങിൽ സംസാരിച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി ബിജു രാമന്തളി സ്വാഗതമാശംസിച്ചു. ട്രഷറർ പി.കെ സിറാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

