നോമ്പുകാലത്തെ ഭക്ഷണരീതി
text_fieldsശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിനായി ലോകമെമ്പാടുമുള്ള ഇസ് ലാം മതവിശ്വാസികൾ റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുന്നു. ഉപവാസസമയത്തും നോമ്പിനുശേഷവും ഊർജസമ്പുഷ്ടതയും ദൈനംദിന പ്രവർത്തനങ്ങളും ശരിയായി നടക്കാൻ സഹായിക്കുന്ന പോഷകങ്ങൾ ഉൾപ്പെട്ട ഭക്ഷണമാണ് നോമ്പുകാലത്ത് തെരഞ്ഞെടുക്കേണ്ടത്.
ശരിയായ ഭക്ഷണക്രമം പാലിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുമ്പോൾ അത് ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്ന അനുഭവമായി മാറുന്നു.
അമിതഭാരം കുറയുക, ശരീരത്തിലെ അമിത കലോറിയും കൊഴുപ്പും അമിതവണ്ണവും കുറയുക, പൊതു ആരോഗ്യനില മെച്ചപ്പെടുക, രക്തസമ്മർദം കുറയുക, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുക തുടങ്ങിയ നോമ്പിന്റെ ഗുണഫലങ്ങൾ നേടാൻ ആരോഗ്യകരമായ ഭക്ഷണക്രമം ഒന്നുകൊണ്ട് മാത്രമേ സാധിക്കൂ.
അമിതാഹാരവും അധിക കലോറിയും ഒഴിവാക്കിയാൽ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ ശരീര ഭാരം 1 .7 മുതൽ 3.8 കിലോഗ്രാം വരെ കുറക്കാൻ (പ്രത്യേകിച്ച് അമിതവണ്ണക്കാരിൽ) സാധിക്കും.
ദീർഘനേരം നോമ്പനുഷ്ഠിച്ച ശേഷം അമിത കലോറിയുള്ള ഭക്ഷണം ഇഫ്താർ (നോമ്പ് തുറ)യിൽ ഉൾപ്പെടുത്തിയാൽ ദഹനപ്രശ്നങ്ങൾക്കും അമിതഭാരത്തിനും കാരണമാകാം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന, നന്നായി ആസൂത്രണം ചെയ്ത ഇഫ്താർ ഭക്ഷണക്രമം നോമ്പുകാലത്തെ എന്നല്ല, തുടർന്നുള്ള ആരോഗ്യസംരക്ഷണത്തിനും വളരെ സഹായകരമാണ്. നോമ്പ് തുറക്കുമ്പോൾ അമിതമായ എണ്ണയുള്ള ഭക്ഷണം, ഡീപ് ഫ്രൈഡ് വിഭവങ്ങൾ, അമിത അളവിലുള്ള ഉപ്പ്, അമിതമധുരം അടങ്ങിയ ഭക്ഷണങ്ങൾ, മസാലകൾ ഇവ പരമാവധി ഒഴിവാക്കണം.
പ്രവാസലോകത്ത് നടക്കുന്ന ഇഫ്താർ പാർട്ടികൾ ലളിതവും ആരോഗ്യകരവുമാക്കുവാൻ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഊർജസമ്പുഷ്ടമായ ഈത്തപ്പഴം, കഞ്ഞി, സൂപ്പ്, പയർ കഞ്ഞി, മുട്ട, മത്സ്യം, കോഴിയിറച്ചി എന്നിങ്ങനെ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ് ഇഫ്താറിൽ ഉൾപ്പെടുത്തേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ, വെള്ളരിക്ക, കക്കരി, ഓറഞ്ച്, ചെറുനാരങ്ങ, മാമ്പഴം എന്നിവ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്.
കൂടാതെ ശരീരത്തിലെ ജലലഭ്യത നിലനിർത്താൻ (നിർജലീകരണം തടയാൻ) കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം. കുറഞ്ഞ അളവിൽ വ്യത്യസ്തവിഭവങ്ങൾ കഴിക്കുക, പെട്ടെന്ന് അധിക ഭക്ഷണം കഴിക്കുന്നതിനേക്കാൾ, കുറഞ്ഞ അളവിൽ പലതവണ ഭക്ഷണം കഴിക്കുന്നതാണ്
ഉത്തമം. പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ രോഗമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം ആഹാരം ക്രമീകരിക്കണം. ഇഫ്താറിനുശേഷം ചെറിയ ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തെ സജീവമാക്കും.
അത്താഴ ഭക്ഷണം
ശരീരത്തിന് ദീർഘനേരം ഊർജം നൽകുന്ന ധാന്യങ്ങളായ ചമ്പാവരി, ഓട്സ്, ഗോതമ്പ്, ബ്രൗൺ ബ്രെഡ്, നാരുകൾ ധാരളമുള്ള പച്ചക്കറികൾ (തക്കാളി, കാബേജ്, വള്ളിപ്പയർ), മുട്ട, ചിക്കൻ, മീൻ, പാൽ തുടങ്ങിയ എളുപ്പത്തിൽ ദഹിക്കുന്ന പ്രോട്ടീൻദായക ഭക്ഷ്യവസ്തുക്കൾ, ദാഹം കുറക്കാൻ സഹായിക്കുന്ന കക്കരി, വെള്ളരിക്ക, പഴങ്ങൾ തുടങ്ങിയവ അത്താഴഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നിർജലീകരണം ഉണ്ടാകാതിരിക്കാനായി ധാരാളം വെള്ളം കുടിക്കണം. കഫീൻ അടങ്ങിയ ചായയും കാപ്പിയും കുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

